ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ ഇന്ത്യയിലെത്തുന്നത് ഇനിയും വൈകും. രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നേടാൻ സമർപ്പിച്ച അപേക്ഷ കമ്പനി സ്വയം പിൻവലിച്ചു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
Also Read: COVID രോഗ ലക്ഷണങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ വ്യത്യസ്തമെന്ന് പഠനം
രാജ്യത്ത് കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്തതായി കഴിഞ്ഞ ഏപ്രിലിൽ ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചിരുന്നു. നഷ്ടപരിഹാരത്തെ സംബന്ധിച്ച ഇന്ത്യയിലെ നിയമ പ്രശ്നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.
ഒരു ഡോസ് മാത്രമുള്ള ജോൺസൺ ആൻഡ് ജോൺസന്‍റെ വാക്‌സിന് യുഎസ് അംഗീകാരം നൽകിയിട്ടുണ്ട്. യുഎസിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനെടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്‌ച ആരോഗ്യ മന്ത്രാലയം ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫൈസർ, മൊഡേണ തുടങ്ങിയ വിദേശ വാക്‌സിൻ നിർമാതാക്കളുമായി ഈ സംഘമാണ് ചർച്ച നടത്തുന്നത്.
രാജ്യത്ത് 40,134 പേർക്കാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 422 പേരാണ് രോഗം ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്തെ സജീവകേസുകളുടെ എണ്ണം 4,13,718 ആണ്.