ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ വോഡാഫോൺ- ഐഡിയ ഓഹരികൾ 23 ശതമാനം വർധിച്ചു. ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തുകടക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയതിനുശേഷമാണ് ഈ വർധനവ്. വോഡാഫോൺ- ഐഡിയ ഓഹരികൾ ബി.എസ്.സി.യിൽ 22.87 ശതമാനം വർധിച്ച് 4.78 രൂപയിലെത്തി. അതുപോലെ എൻ.എസ്.സി.യിൽ 23.07 ശതമാനം വർധിച്ച് 4.80 രൂപയിലെത്തി.
വർധിച്ചു വരുന്ന നഷ്‌ടങ്ങളും കടം തിരിച്ചുപിടിക്കൽ പ്രതിസന്ധികളും കാരണം ഇന്ത്യൻ വിപണിയിൽ നിന്നും പുറത്തുപോകുമോയെന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഓഹരി വിപണി കമ്പനിയോട് വിശദീകരണം തേടിയിരുന്നു. ഇന്ത്യൻ വിപണിയിലെ നിക്ഷേപങ്ങൾ തുടരുമെന്നും നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ സർക്കാരിന്‍റെ പിന്തുണ തേടുമെന്നും വൻ ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡാഫോൺ വ്യാഴാഴ്‌ച വ്യക്തമാക്കിയിരുന്നു.