തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറില്ലെന്ന് ആവര്‍ത്തിച്ച് കേരള സര്‍ക്കാര്‍. ഇതിനായുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കി. പ്രത്യേകോദ്ദേശ്യ കമ്പനിയായി 'ടിയാൽ' രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് നിര്‍ദേശം നൽകി. വിഷയത്തില്‍ നാളെ കെപിഎംജിയുമായി ഉന്നതതല ചർച്ച നടത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കമ്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാമ്പത്തികവശങ്ങള്‍ എന്നിവ സംബന്ധിച്ചായിരിക്കും നാളെ നടക്കുന്ന യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടക്കുക. കമ്പനിയായി രജിസ്റ്റര്‍ ചെയ്താല്‍ പിന്നീട് രേഖകള്‍ കേന്ദ്രത്തിന് കൈമാറും എന്നാല്‍ കമ്പനിയില്‍ സര്‍ക്കാരിന് എത്ര ശതമാനം ഓഹരി ഉണ്ടാകുമെന്ന കാര്യം പുറത്ത് വിട്ടിട്ടില്ല. നേരത്തെ വിമാനത്താവളം സ്വന്തമാക്കാനുള്ള ലേലത്തില്‍ സർക്കാരും കെഎസ്ഐഡിസിയും ചേർന്നുള്ള കൺസോർഷ്യമാണ് രണ്ടാമതെത്തിയത്. അദാനി ഗ്രൂപ്പായിരുന്നു ഒന്നാമതെത്ത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രത്തിന് അദാനിയുമായി കരാറിലെത്താന്‍ സാധിച്ചിരുന്നില്ല.