ഹൈദരാബാദ് : ലോകത്ത് ആദ്യമായി നടന്നതൊക്കെ ചരിത്രമാണ്. കൊളംബസ് അമേരിക്കയിൽ ചെന്നിറങ്ങിയതും മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതുമൊക്കെ വലിയ മുന്നേങ്ങളുടെ തുടക്കമായിരുന്നു. ഇവിടെ കുറിക്കുന്നതും അത്തരത്തിൽ ഒരു ചരിത്രമാണ്.
Also Read: ഇന്ത്യയിൽ ജോലി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥാപനം ഇതാണ്
ഇക്കാലത്തിനിടെ കാറുകളുടെ നിരവധി പരസ്യങ്ങൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ മോട്ടോര്‍ കാറിന്‍റെ ലോകത്തെ ആദ്യ പരസ്യം എങ്ങനെയായിരുന്നിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ആ പരസ്യം ഏത് കാറിന്‍റേതായിരുന്നെന്ന് അറിയാമോ ? ആദ്യ മോട്ടോർ കാർ പരസ്യം ഇറങ്ങിയിട്ട് ബുധനാഴ്ച 123 വർഷം തികയുകയാണ്.
ചരിത്രമായി ആ പരസ്യം
'dispense with a horse' അഥവാ 'കുതിരകളോട് വിടപറയാം' എന്ന തലവാചകത്തോടെ 1898 ജൂലൈ 30ന് സൈന്‍റിഫിക് അമേരിക്കനിലാണ് ലോകത്ത് ആദ്യമായി ഒരു കാറിന്‍റെ പരസ്യം അച്ചടിച്ച് വരുന്നത്. കുതിര വണ്ടികൾ വ്യാപകമായിരുന്ന അക്കാലത്ത് വിന്‍റണ്‍ മോട്ടോർ ക്യാരേജ് കമ്പനിയാണ് ഇങ്ങനൊരു പരസ്യം നൽകിയത്.
മറ്റൊരു തമാശ കൂടിയുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തമായ സംഭാഷണമാണ് ജാവ സിംപിളാണ്, പവര്‍ഫുളാണ് എന്നത്. എന്നാല്‍ ഈ പരസ്യത്തില്‍ സമാനമായ പ്രയോഗമുണ്ട്. എഞ്ചിന്‍ സിംപിളും പവര്‍ഫുളുമാണെന്ന് വിശദീകരിച്ചിരിക്കുന്നു.
കുതിര വണ്ടികളുടേതിന് സമാനമായ ചക്രങ്ങളോട് കൂടിയതും ചെറിയ വളയൻ സ്റ്റിയറിങ്ങും ഉയർന്ന സീറ്റിങ്ങ് പൊസിഷനുമുള്ള കാറാണ് വിന്‍റണ്‍ മോട്ടോർ ക്യാരേജിന്‍റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.
1000 അമേരിക്കൻ ഡോളറായിരുന്നു കാറിന്‍റെ വില. കുതിരകളെ പരിപാലിക്കുന്നതിനുള്ള ചെലവും മറ്റും ചൂണ്ടിക്കാണിച്ചായിരുന്നു വിന്‍റണ്‍ മോട്ടോർസിന്‍റെ മാർക്കറ്റിങ്ങ്.
ഒരു മൈല്‍ ദൂരം ഓടുന്നതിന് അര സെന്‍റ് (പണം) ആണ് ചെലവ് വന്നിരുന്നത്. സൈക്കിൾ നിർമാതാക്കളായ വിന്‍റണ്‍ മോട്ടോർ ക്യാരിയേജ് 1896ൽ ആണ് കാർ വ്യവസായത്തിലേക്ക് ചുവടുമാറ്റിയത്. 1900 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ കാർ നിർമാണ ശാല വിന്‍റൺ മോട്ടോർസിന് സ്വന്തമായിരുന്നു.
എന്നാൽ ലോകത്തെ ആദ്യ ഓട്ടോമൊബൈൽ പരസ്യം നൽകി ചരിത്രം സൃഷ്ടിച്ച വിന്‍റൺ മോട്ടോഴ്‌സിന്‍റെ ജൈത്രയാത്ര 1924ൽ അവസാനിച്ചു. സ്റ്റേഷനറി എഞ്ചിൻ നിർമാണത്തിലേക്ക് തിരിഞ്ഞ കമ്പനിയെ 1930ൽ ജെനറൽ മോട്ടോഴ്‌സ് ഏറ്റെടുക്കുകയായിരുന്നു.1924ൽ നിർമാണം നിർത്തിയ കാർ കമ്പനി ഒരു പരസ്യം കൊണ്ട് മാത്രം ലോകം ഉള്ള കാലമത്രയും ഇനിയും ഓർക്കപ്പെടും.