ചെന്നൈ: ബാങ്കിങ് മേഖലയിൽ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ . ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പ്രയോജനപ്പെടുന്ന രീതിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാരിന്‍റെ തീരുമാനമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്‌ച പറഞ്ഞു. സിറ്റി യൂണിയൻ ബാങ്കിന്‍റെ (സി.യു.ബി) 116-ാം ഫൗണ്ടേഷൻ ദിനാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
നിയമനിർമ്മാണത്തിലോ ഭേദഗതികളിലോ മാറ്റം വരുത്തുന്നത് വഴി ആർബിഐക്ക് അതിന്‍റെ ചുമതല കുറച്ചുകൂടി ലളിതമാകും. ഇത്തരം നടപടികൾ വിപണിരംഗത്തെയും ബാങ്കിങ് മേഖലയെയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പിഎംസി ബാങ്കുകളുടെയും ഐഎൽആൻഡ്എഫ്‌എസ് പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിർമല സീതാരാമൻ സംസാരിച്ചത്.
ബാങ്കിങ് മേഖലയിലെ നിയന്ത്രണങ്ങളും പരിശോധനയും ശക്‌തിപ്പെടുത്താനുള്ള നടപടികൾ ആർബിഐ ആരംഭിച്ചുകഴിഞ്ഞു. പ്രവർത്തനം മെച്ചപ്പെടുത്താൻ തീരുമാനിക്കുന്നതിന് മുമ്പ് ബാങ്കുകൾ അവരുടെ ശക്തി മനസിലാക്കണമെന്ന് പിഎംസി ബാങ്കുകളിൽ നടക്കുന്ന അഴിമതിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി അഭിപ്രായപ്പെട്ടു.
നിഷ്‌ക്രിയ ആസ്‌തി(എൻപിഎ)കളിൽ 2007-08നും 2013നും ഇടയിൽ വർധിച്ചതായും ബാങ്കിംങ് ബുക്കിൽ അതൊരു ബാധ്യതയായതായും ധനമന്ത്രി പറഞ്ഞു. സമ്പദ്‌ഘടനയിൽ സംഭവിക്കുന്ന നിരക്ക് സ്ഥിരതയുടെ മാറ്റങ്ങളെപ്പറ്റി മനസിലാക്കുന്നതിനായി നിക്ഷേപക ഏജൻസികളുമായി ധനമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു.