മുംബൈ: പിഎംസി ബാങ്ക് നിക്ഷേപകർക്ക് റിസർവ് ബാങ്ക് ചൊവ്വാഴ്ച പിൻവലിക്കൽ പരിധി വർധിപ്പിച്ച് റിസർവ് ബാങ്ക്.പണം പിന്‍വലിക്കല്‍ പരിധി 50,000 രൂപയായാണ് ഉയർത്തിയത്. ബാങ്കിന്‍റെ പണലഭ്യതയും പണം നൽകാനുള്ള കഴിവും അവലോകനം ചെയ്ത ശേഷമാണ് പരിധി ഉയർത്തിയതെന്ന് റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ഇതുവഴി നിക്ഷേപകരിൽ 78 ശതമാനത്തിലധികം പേർക്കും അവരുടെ മുഴുവൻ അക്കൗണ്ട് ബാലൻസും പിൻവലിക്കാൻ കഴിയുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
2019 ഒക്ടോബർ 14 ന് റിസർവ് ബാങ്ക് പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ലിമിറ്റഡ് നിക്ഷേപകർക്ക് 40,000 രൂപ വരെ പിൻവലിക്കാൻ അനുമതി നൽകിയിരുന്നു. ഇത് നാലാം തവണയാണ് റിസർവ് ബാങ്ക് പിൻവലിക്കൽ പരിധി വർധിപ്പിക്കുന്നത്. ആദ്യം 1000 രൂപ പിന്‍വലിക്കാമെന്ന നിര്‍ദേശമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് 25,000 രൂപയിലേക്കും 40000 രൂപയിലേക്കും ഉയര്‍ത്തിയത്.
50,000 രൂപക്കുള്ളിൽ ബാങ്കിന്‍റെ സ്വന്തം എടിഎമ്മുകളിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയും.നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നിലപാടുകൾ തുടർന്നും സ്വീകരിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് സെപ്റ്റംബർ 23 ന് പിഎംസി ബാങ്കിന്‍റെ നിയന്ത്രണം ആറുമാസത്തേക്ക് റിസർവ് ബാങ്ക് ഏറ്റെടുത്തിരുന്നു.