ന്യൂഡൽഹി: ഇന്ത്യൻ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നടപടികൾ സ്വീകരിച്ചെങ്കിലും രാഷ്‌ട്രീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനെത്തുടർന്ന് പരിഷ്‌കാരങ്ങൾ പെട്ടെന്നു നിലച്ചത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഫ്രഞ്ച് സാമ്പത്തിക ശാസ്‌ത്രജ്ഞൻ ഗൈ സോർമാൻ അഭിപ്രായപ്പെട്ടു. പ്രാദേശിക, വിദേശ നിക്ഷേപകർ ഭയത്തിലാണെന്നും ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഗൈ സോർമാൻ കൂട്ടിച്ചേർത്തു .'ഇക്കണോമിക്‌സ് ഡസ് നോട്ട് ലൈ: എ ഡിഫൻസ് ഓഫ് ദി ഫ്രീ മാർക്കറ്റ് ഇൻ എ ടൈം ഓഫ് ക്രൈസിസ്' ഉൾപ്പെടെ നിരവധി പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട് സോർമാൻ.
മോഡി തുടക്കത്തിൽ ഇന്ത്യൻ സംരംഭകരെ പിന്തുണക്കുകയും അഴിമതി ഇല്ലാതാക്കാൻ ശ്രമിക്കുകയും മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെങ്കിലും സാമ്പത്തിക അജണ്ട മറന്ന് രാഷ്‌ട്രീയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്ത്യയേയും സർക്കാരിനേയും ബാധിച്ചെന്ന് സോർമാൻ പറഞ്ഞു.
ഹിന്ദുത്വ, പൗരത്വ നിയമങ്ങൾ സംബന്ധിച്ച് അഭിപ്രായം പറയാൻ താൽപര്യമില്ലെന്ന് പറഞ്ഞ സോർമാൻ അനൗപചാരിക മേഖലയുടെ പ്രാധാന്യവും സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരവും കണക്കിലെടുക്കുമ്പോൾ ഇന്ത്യയിലെ ജിഡിപി അളവ് പൂർണമായും വിശ്വസനീയമല്ലെന്നും കൂട്ടിച്ചേർത്തു.