ന്യൂഡൽഹി: അടുത്തയാഴ്‌ച സുപ്രീംകോടതി വാദം കേൾക്കുന്നതുവരെ ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ) കുടിശിക തീർപ്പാക്കില്ലെന്ന് ഭാരതി എയർടെൽ ടെലികോം വകുപ്പിനോട് പറഞ്ഞു. വോഡഫോൺ ഐഡിയയും ഇതേ കാര്യം ടെലികോം വകുപ്പിനെ അറിയിച്ചിരുന്നു.
ഒക്ടോബർ 24 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം കുടിശിക അടക്കേണ്ട അവസാന തിയതി ജനുവരി 23 ആണെങ്കിലും ടെലികോം കമ്പനികൾ ഒന്നും തന്നെ ഇത് വരെ കുടിശിക നൽകിയിട്ടില്ല. അടുത്ത ആഴ്‌ചത്തെ സുപ്രീം കോടതി വാദത്തിനായി കാത്തിരിക്കുകയാണ് കമ്പനികൾ.
എയർടെൽ 35,586 കോടി രൂപ, വോഡഫോൺ ഐഡിയ 52,039 കോടി രൂപ എന്നിങ്ങനെയാണ് എജിആർ കുടിശിക. വോഡഫോൺ ഐഡിയ, ഭാരതി ടെലികോം, ടാറ്റ ടെലി സർവീസസ് എന്നിവയുടെ എജിആറുമായി ബന്ധപ്പെട്ട മൊത്തം കുടിശിക തുക 1.02 ലക്ഷം കോടി രൂപയാണ്.
നിയമപരമായ കുടിശികയുടെ വ്യവസ്ഥകളും പണമടക്കൽ ഷെഡ്യൂളുകളും സംബന്ധിച്ച് ടെലികോം കമ്പനികൾക്ക് ഡിഒടിയുമായി ചർച്ച ചെയ്യാൻ അനുവദിക്കണമെന്ന് ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും സമർപ്പിച്ച പരിഷ്‌കരണ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചിരുന്നു. ടെലികോം കമ്പനികൾ സമർപ്പിച്ച പുന പരിശോധന ഹർജി കഴിഞ്ഞ ആഴ്‌ച കോടതി നിരസിച്ചിരുന്നു. ടെലികോം മേഖലയിലെ കമ്പനികൾ 1.47 ലക്ഷം കോടി രൂപയാണ് സർക്കാരിന് നൽകേണ്ടത്.