ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബെലേനൊയുടെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. ഫെബ്രുവരി 23ന് വാഹനത്തിന്‍റെ ലോഞ്ചിങ് നടക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പുതിയ പതിപ്പിന്‍റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.
11,000 രൂപ അടച്ച് ഉപഭോക്താക്കൾക്ക് പുതിയ ബലേനോ ബുക്ക് ചെയ്യാനാകും. 'ബെലേനൊ ബ്രാൻഡ് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളെ പുനർനിർവചിച്ചു. 1 ദശലക്ഷത്തിലധികം സന്തുഷ്‌ടരായ ബെലേനൊ ഉപഭോക്താക്കളുമായി, ഇന്ന് ബെലേനൊ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്‍റില്‍ വാഴുന്നു.
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മികച്ച 5 കാറുകളുടെ പട്ടികയില്‍ സ്ഥിരമായി ഇടം പിടിക്കുന്നു,' മാരുതി സുസുക്കിയുടെ സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ( മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്‌തവ ട്വിറ്ററില്‍ കുറിച്ചു.
സാങ്കേതിക വിദഗ്‌ധരായ പുതു തലമുറയെ മുന്നില്‍ക്കണ്ടാണ് ബെലേനൊ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവും എന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യ ഉപഭോക്താക്കളിലെത്തിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ പോലുള്ള ആധുനിക ഫീച്ചറുകളുമായാണ് പുതിയ ബെലേനൊ വിപണിയിലെത്തുന്നത്. പ്രീമിയം ഇന്‍റീരിയറാണ് മറ്റൊരു ആകര്‍ഷണം. 2015ൽ പുറത്തിറങ്ങിയ ബെലേനൊ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെടുന്ന കാറുകളിലൊന്നാണ്. നെക്‌സ്റ്റ് ജനറേഷന്‍ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് ബെലേനൊക്ക് കരുത്ത് പകരുന്നത്.
Also read: മുംബൈയില്‍ ഡാറ്റ സെന്‍റര്‍ ; പുത്തന്‍ ചുവടുവയ്പ്പുമായി അദാനി ഗ്രൂപ്പ്