ന്യൂഡല്‍ഹി: ലഡാക്കിനെ ആഗോള വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉടന്‍ തന്നെ സാധ്യമാകുമെന്ന് കേന്ദ്ര സാംസ്കാരിക ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ബുധനാഴ്ച ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീരിന്‍റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കള്‍ 370 റദ്ദ് ചെയ്തതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ന്നു വരാനുള്ള എല്ലാ സൗകര്യങ്ങളും ലഡാക്കിനുണ്ടെന്നും പട്ടേല്‍ പറഞ്ഞു. സെപ്തംബര്‍ ആദ്യ വാരം പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
ലഡാക്കിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാനുള്ള എല്ലാസഹായങ്ങളും കേന്ദ്രം ചെയ്യും. നിലവില്‍ ലഡാക്ക് സമാധാനപരമായ ഒരു സങ്കേതമാണ്, ശുചിത്വത്തിന്റെ മാതൃകയാണ്, സാംസ്കാരിക പൈതൃകവുമുണ്ട്. ലഡാക്ക് സന്ദർശിക്കുന്ന സഞ്ചാരികൾ തീർച്ചയായും സംതൃപ്തരാകും. എന്നാല്‍ വർദ്ധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം കൈകാര്യം ചെയ്യുക എന്നതാണ് ഇപ്പോൾ കേന്ദ്രം നേരിടുന്ന വെല്ലുവിളി. ലഡാക്കിന്റെ സമാധാനത്തെയും സംസ്കാരത്തെയും പരിഗണിച്ചുകൊണ്ടേ ഞങ്ങള്‍ക്ക് പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.