ന്യൂഡല്‍ഹി: സ്കൂളുകള്‍ക്ക് സമീപത്തുള്ള ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. ഈ ആവശ്യം ഉന്നയിച്ച് എഫ്എസ്എസ്എഐ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.
കുട്ടികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ജങ്ക് ഫുഡുകളുടേയും മറ്റ് പാനീയങ്ങളുടെയും പരസ്യങ്ങള്‍ സ്കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ഒഴിവാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് എഫ്എസ്എസ്എഐ സിഇഒ പവന്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ആരോഗ്യകരമല്ലത്ത ഭക്ഷണ രീതി പിന്തുടരുന്നത് മൂലമാണ് പത്തില്‍ ആറ് പേരും മരണപ്പെടുന്നത് എന്നും പവന്‍ കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ 2015 മാർച്ചിലെ നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് എഫ്എസ്എസ്എഐ രംഗത്ത് വന്നിരിക്കുന്നത്. അനാരോഗ്യകരമായ ജങ്ക് ഫുഡുകളുടെ പരസ്യം വിദ്യാര്‍ഥികളെ വേഗം ആകര്‍ഷിക്കുമെന്നും എഫ്എസ്എസ്എഐ വിലയിരുത്തുന്നു. സ്കുളുകള്‍ക്ക് സമീപത്ത് നിന്ന് ജങ്ക് ഫുഡുകളുടെ വില്‍പന തടയണമെന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷവും എഫ്എസ്എസ്എഐ രംഗത്ത് വന്നിരുന്നു.