കൊൽക്കത്ത: ചൈനയിലെ കൊവിഡ് 19 (കൊറോണ) ബാധ ഇന്ത്യക്ക് കയറ്റുമതി വിപുലീകരിക്കാനുള്ള അവസരമൊരുക്കുന്നുവെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു.
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിന്‍റെ കാര്യത്തിൽ കൊവിഡ് 19 എത്രത്തോളം സ്വാധീനിക്കുമന്ന് പറയാൻ വളരെ പ്രയാസമാണ്. സാർസ് ബാധ ഇന്ത്യയെ അത്രയൊന്നും ബാധിച്ചിട്ടില്ലായിരുന്നു. എന്നാൽ, ചൈന ഇപ്പോൾ നേരിടുന്ന കൊവിഡ് 19 ബാധ വ്യാപാരം വ്യാപിപ്പിക്കാനും കയറ്റുമതിയിൽ അധിഷ്‌ഠിതമായ ഒരു മാതൃക പിന്തുടരാനും ഇന്ത്യക്ക് നല്ല അവസരമാണെന്ന് സുബ്രഹ്മണ്യൻ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിൽ സംസാരിക്കവേ പറഞ്ഞു.
ചൈന സ്പെയർ പാർട്‌സ് ഇറക്കുമതി ചെയ്‌ത ശേഷം ഇവ സംയോജിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. മൊബൈൽ നിർമ്മാണത്തിന്‍റെ കാര്യത്തിൽ ഇതേ രീതി പിന്തുടരുകയാണെങ്കിൽ ഇന്ത്യയ്ക്ക് നല്ലൊരു അവസരമാണിതെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂട്ടിച്ചേർത്തു.