കൊവിഡിനെ തുടർന്നാണ് ഒട്ടുമിക്ക തൊഴിൽ മേഖലയിലും വർക്ക് ഫ്രം ഹോം വ്യാപകമായത്. ഐടി കമ്പനികൾ മുതൽ സർക്കാരുകൾ വരെ ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി അനുവദിച്ചിരുന്നു.
അതിനിടെയാണ് വർക്ക് ഫ്രം ഹോം അനുവദിക്കാം, എന്നാൽ ശമ്പളത്തിന്‍റെ ഒരു പങ്ക് ഓഫിസിലെത്തുന്നവർക്ക് നൽകണം എന്ന നിയമവുമായി ഒരു കമ്പനി രംഗത്തെത്തിയത്. സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കറൻസി ഉൾപ്പടെയുള്ള, പേരിൽ പോലും വ്യത്യസ്തത നിറഞ്ഞ ഈ കമ്പനി അങ്ങ് ജപ്പാനിലാണ്.
ടോക്കിയോയിലെ ഡിസ്കോ കമ്പനി
ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിലാണ് സെമി കണ്ടക്ടറുകൾ നിർമിക്കുന്ന ഡിസ്കോ കോർപറേഷൻ. ആഭ്യന്തര കറൻസി ഉപയോഗിച്ചതിലൂടെയാണ് ഡിസ്കോ കമ്പനി ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്. 2011ൽ ആണ് വീഡിയോ ഗെയിമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസ്കോ സ്വന്തം കറൻസി അവതരിപ്പിച്ചത്.
ഡിസ്കോയുടെ 'വിൽ'
വിൽ(will) എന്നാണ് ഡിസ്കോയുടെ ആഭ്യന്തര കറൻസിയുടെ പേര്. ജീവനക്കാർക്ക് കമ്പനിക്കുള്ളില്‍ പരസ്‌പരം ഏതുകാര്യം സാധിച്ച് കിട്ടണമെങ്കിലും ഈ കറൻസി നൽകണം. ഡിസൈൻ വരയ്ക്കുന്നതിന് ഫാക്ടറി തൊഴിലാളികൾ എഞ്ചിനീയർമാർക്കും സാധനങ്ങൾ നിർമിക്കുന്നതിന് ഈ തൊളിലാളികൾക്ക് സെയിൽസ് ഉദ്യോഗസ്ഥരും പണം നൽകണം.
Also Read: അമിതഭാരത്തെ എന്തിനാ ഭയപ്പെടുന്നത്, ഇതാ മൂന്ന് പരിഹാര മാര്‍ഗങ്ങള്‍
എന്തിനേറെ ജീവനക്കാർ ഓഫിസിലെ കോണ്‍ഫറൻസ് ഹാൾ മുതൽ മേശയും കസേരയും വരെ പണം നൽകിയാണ് ഉപയോഗിക്കുന്നത്. എല്ലാ ക്രയവിക്രയവും നടക്കുന്നത് ഡിസ്കോയുടെ സ്വന്തം വിൽ ഉപയോഗിച്ചും. ഇങ്ങനെ സമ്പാദിക്കുന്ന വിൽ നാലുമാസം കൂടുമ്പോൾ ജീവനക്കാർക്ക് ജാപ്പനീസ് കറൻസിയായി(യെൻ) മാറ്റി നൽകും.
വർക്ക് ഫ്രം ഹോം
സ്വന്തം കറൻസി ഏർപ്പെടുത്തിയിട്ട് 10 കൊല്ലത്തോളമായെങ്കിലും കൊവിഡ് കാലത്ത് ഡിസ്കോ വാർത്തകളിൽ ഇടം നേടിയത് വർക്ക് ഫ്രം ഹോം നയം കൊണ്ടാണ്. വൈറസ് വ്യാപനത്തിൽ എല്ലാവരും ചെയ്‌ത പോലെ തങ്ങളുടെ ഫാക്ടറി പൂർണമായും അടച്ചിടാൻ ഡിസ്കോ തയ്യാറായില്ല.
പകരം ഫാക്ടറിയിലും ഓഫിസിലും എത്താൻ ധൈര്യം കാണിച്ചവരെ വെച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 'കുറച്ചാളുകളെ വീട്ടിലിരുത്തിയിട്ട് മറ്റ് ചിലരോട് ജോലിക്കെത്താൻ പറയുന്നത് നീതികേടാണ്. കമ്പനി നിങ്ങളുടെ തീരുമാനത്തിന് വില്ലിന്‍റെ രൂപത്തിൽ പ്രചോദനം നൽകും. അതാണ് വില്ലിന്‍റെ ശക്തി'. ഡിസ്കോ കോർപറേഷൻ സിഇഒ കസുമ സേകിയ പറയുന്നു.
ഇങ്ങനെ ഓഫിസിലെത്തുന്നവർക്ക് വീടിന്‍റെ സുരക്ഷിതത്വത്തിലിരുന്ന് ജോലി ചെയ്യുന്നവർ വിൽ കറൻസിയിലുടെ ശമ്പളത്തിന്‍റ ഒരു പങ്ക് വീതിച്ച് നൽകണം. തീരുമാനത്തോട് യോജിക്കാനാകാത്ത ആളുകൾ ജോലി ഉപേക്ഷിച്ചെന്നും കസുമ സേകിയ പറയുന്നു.
കൊവിഡിന്‍റെ തുടക്കത്തിൽ 40 ശതമാനം പേർ മാത്രമാണ് ജോലിക്കെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 90 ശതമാനം പേരും കമ്പനിയിൽ തിരിച്ചെത്തി.വ്യത്യസ്തതകളിൽ മാത്രം ഒതുങ്ങുന്നില്ല, ടോക്കിയോയിലെ ഏറ്റവും അധികം ലാഭമുണ്ടാക്കുന്ന കമ്പനികളിൽ ഒന്ന് കൂടിയാണ് ഡിസ്കോ.
സ്വന്തം കറൻസി ഉൾപ്പടയുള്ള മാറ്റങ്ങൾ കമ്പനിക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് വരുമാനമാണ് ഡിസ്കോ നേടിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ ഓഹരി വിലയിൽ മൂന്നിരട്ടിയുടെ വർധനവാണ് ഉണ്ടായത്.