ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും അനുവദിക്കാൻ തീരുമാനിച്ച് കാനഡ, ജർമ്മനി, മാലിദ്വീപ് എന്നീ രാജ്യങ്ങൾ. കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം. കാനഡ അടുത്ത ആഴ്‌ച മുതൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്കും.
Also Read: കൊവിഡിനിടയിലും ഇൻഫോപാർക്കിന്‍റെ കയറ്റുമതിയിൽ 22% വർധന
എന്നാൽ ജൂലൈ 21 വരെ നേരിട്ടുള്ള ഫ്ലൈറ്റുകൾ ഉണ്ടാകില്ല. കണക്റ്റട് ഫ്ലൈറ്റുകൾ വഴി കാനഡയിൽ എത്താവുന്നതാണ്. കണക്റ്റട് ഫ്ലൈറ്റിലെത്തുന്നവർ അവസാനം ഏത് വിമാനത്താവളത്തിൽ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്ന് എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. രണ്ട് ഡോസ് വാക്‌സിനും എടുത്തവരെ ക്വാറന്‍റൈനിൽ നിന്ന് ഒഴിവാക്കിയേക്കും.
കാനഡ അംഗീകരിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് ഇളവ്. ഫൈസർ, മോഡേണ, ആസ്ട്ര സെനെക്ക / കോവിഷീൽഡ്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകളാണ് കാനഡ അംഗീകരിച്ചിട്ടുള്ളത്. വാക്സിനേഷൻ വിവരങ്ങൾ കനേഡിയൻ സർക്കാരിന്‍റെ അറൈവ്കാൻ(ArriveCAN app) അപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ജർമ്മൻ ആരോഗ്യ ഏജൻസിയായ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൊവിഡിന്‍റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച ഇന്ത്യയുൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്കാണ് നീക്കിയത്. യുകെ, റഷ്യ, നേപ്പാൾ, പോർച്ചുഗൽ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. ജൂലൈ 15 മുതൽ ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര വിമാനം സർവീസുകൾ പുനരാരംഭിക്കുമെന്നാണ് മാലി ദ്വീപ് അറിയിച്ചത്.