ന്യൂഡൽഹി: ലോക്‌സസഭയിൽ ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം ലഭിച്ചാൽ നിരസിക്കാൻ തീരുമാനിച്ച് വൈഎസ്ആർ കോൺഗ്രസ്. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം നൽകുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ബിജെപി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്നിരുന്നാലും ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നത് വരെ ഇത്തരം സ്ഥാനമോഹങ്ങൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ്.
പ്രത്യേക പദവി എന്ന ആവശ്യം ലഭ്യമാകുന്നത് വരെ ഇരുപക്ഷത്തോടും സമദൂരം തുടരുമെന്നുമാണ് പാർട്ടി നിലപാട്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ലഭിക്കാത്തതിൽ കോൺഗ്രസിനും പങ്കുണ്ടെന്നാണ് വൈഎസ്ആർ നേതൃത്വത്തിന്‍റെ വിശദീകരണം. അവർ ആന്ധ്രാപ്രദേശിനെ വിഭജിച്ചെങ്കിലും പ്രത്യേക പദവി അനുവദിക്കാൻ തയാറാകാത്തതിനാലാണ് കോൺഗ്രസുമായി അകന്നു നിൽക്കുന്നത് എന്ന് പാർട്ടിയുടെ മുതിർന്ന നേതാക്കൾ വ്യക്തമാക്കി.