തിരുവനന്തപുരം; ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജിലോക്കറിൽ ലഭ്യമാകും. ഡിജിലോക്കറിൽ ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാൻ കഴിയും. കഴിഞ്ഞവർഷത്തെ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ഇപ്പോൾ ലഭ്യമാണ്. അവശ്യ രേഖകൾ സുരക്ഷിത ഇ- രേഖകൾ ആയി സൂക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഡിജി ലോക്കർ.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷാഭവൻ ആണ് പത്താംക്ലാസ് സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. കേരള ഐടി മിഷൻ, ഇ മിഷൻ, ദേശീയ ഇ- ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഇത് യാഥാർത്ഥ്യമാക്കിയത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാൻ കഴിയുമെന്ന് പരീക്ഷാ കമ്മീഷണർ അറിയിച്ചു.
digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പരും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഡിജിലോക്കർ ലോഗിൻ ചെയ്ത ശേഷം ഗെറ്റ് മോർ ഓപ്ഷൻ വഴി എജ്യുക്കേഷൻ സെക്ഷൻ സെലക്ട് ചെയ്യുക. തുടർന്ന് ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ തിരഞ്ഞെടുത്ത് ക്ലാസ് 10 സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ് ഓപ്ഷനിൽ എത്തുക. ഇവിടെ രജിസ്റ്റർ നമ്പർ കൊടുത്താൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ലഭ്യമാകും. സംശയങ്ങൾക്കായി 1800 4251 1800 എന്ന നമ്പർ ലഭ്യമാണ്