കൊല്ലം: കണ്ടും കേട്ടും കുട്ടികൾ പഠിക്കട്ടെ. രൂപത്തിലും ഭാവത്തിലും കണ്ടുപരിചയിച്ച സ്കൂൾ ക്ലാസ് റൂമുകളിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷം. തീവണ്ടിയുടെ മാതൃകയിൽ രൂപമാറ്റം വരുത്തിയ ക്ലാസ് റൂമുകൾ, ഗേറ്റ് കടക്കുമ്പോൾ തന്നെ കൗതുകക്കാഴ്ചയൊരുക്കി കൂറ്റൻ ദിനോസറും കുഞ്ഞുങ്ങളും, വിശ്രമിക്കാൻ ആൽമര ചുവട്ടിൽ ഇരിപ്പിടങ്ങൾ, ക്ലാസ്മുറികളുടെ ഒത്തനടുക്ക് തേരിലേറി സാക്ഷാൽ എ പി ജെ അബ്ദുൽ കലാം, ചുവരുകളിൽ പുരാതന മനുഷ്യ പരിണാമങ്ങൾ കൊത്തിവെച്ച ശില്പങ്ങൾ. കൊല്ലം മൈലക്കാട് പഞ്ചായത്ത് യു പി എസിലെ പ്രവേശനോത്സവം എന്തുകൊണ്ടും പുതിയ അനുഭവമായി.
ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പ്രവേശനോത്സവം തുടങ്ങി. വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചും മധുരത്തോടൊപ്പം വൃക്ഷത്തൈകൾ വിതരണം ചെയ്തും അധ്യയനം ആരംഭിച്ചു. പഠനം കേവലം ക്ലാസ് മുറികളിൽ മാത്രമൊതുങ്ങാതെ വിദ്യാർഥി അവന്റെ ചുറ്റുപാടുകളിൽ നിന്ന് അറിവുകൾ ആർജിക്കണം എന്ന ബോധമാണ് ഈ സ്കൂളിന്‍റെ പുതുമയും വിജയവും എന്ന് പ്രധാന അധ്യാപകനായ ആദർശ് പറയുന്നു. സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ സ്മാർട്ടായോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് മൈലക്കാട്ടെ പഞ്ചായത്ത് യുപിഎസ്.