ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള ലേക്ക് പാലസ് റിസോർട്ടിനു അനുകൂലമായ സർക്കാർ ഉത്തരവ് തളളി നിയമോപദേശം. അനധികൃത നിർമ്മാണത്തിനു പിഴയിട്ട നഗരസഭാ നടപടിയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല. പിഴത്തുക കുറച്ച്, കെട്ടിടങ്ങൾ ക്രമവൽക്കരിക്കണമെന്ന ഉത്തരവിൽ, നഗരസഭയ്ക്ക് ഉചിത തീരുമാനമെടുക്കാമെന്നും സീനിയർ കൗൺസിൽ നിയമോപദേശം നൽകി.
ലേക്ക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച വിഷയത്തിൽ നിയമ പോരാട്ടത്തിനു വഴി വയ്ക്കുന്നതാണ് സീനിയർ കൗൺസിലിന്റെ ഇപ്പോഴത്തെ നിയമോപദേശം. റിസോർട്ടിൽ നിന്നും നികുതിയും പിഴയും അടക്കം 2.71 കോടി രൂപ ഈടാക്കാനുളള നഗരസഭാ നീക്കത്തിൻ മേൽ- കോടതിയോ, തദ്ദേശ സ്വയം ഭരണ ട്രീബ്യൂണലോ ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാൽ തന്നെ, സർക്കാർ ഉത്തരവ് നിലനിൽക്കുകയില്ലെന്ന് നിയമോപദേശത്തിൽ പറയുന്നു.
സാധാരണ ഗതിയിലുളള നികുതി വിഷയത്തിൽ സർക്കാരിന് ഇടപെടാം. എന്നാൽ, നികുതിയും പിഴയും ചുമത്തിയ വിഷയത്തിലാണ് സർക്കാർ ഇടപെട്ടത്. അതിനാൽ ഉത്തരവ് സ്വീകരിക്കുകയോ തളളുകയോ ചെയ്യാനുളള അവകാശം നഗരസഭാ കൗൺസിലിനാണ്. ഈ സാഹചര്യത്തിൽ ലേക്ക് പാലസ് വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച നഗരസഭാ കൗൺസിൽ ചേരും. നിയമ നടപടികൾ സ്വീകരിക്കണമെന്ന പൊതു നിലപാടാണ് നഗരസഭയ്ക്കുള്ളത്.
റിസോർട്ടിലെ അനധികൃത നിർമ്മിതികൾക്ക് ചുമത്തിയ 2.71 കോടി വെട്ടിക്കുറച്ച് 35 ലക്ഷമാക്കിക്കൊണ്ടു നഗരസഭ റീജിയൺ ഡയറക്ടർ ഈ മാസം ആദ്യമാണ് ഉത്തരവിട്ടത്. കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനും ലൈസൻസ് പുതുക്കാനുമുളള അപേക്ഷകളിന്മേൽ ഉചിത തിരുമാനം ഉണ്ടാകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. സർക്കാരിന്‍റെ അനാവശ്യ ഇടപെടലുകൾ 'പഞ്ചായത്ത് രാജ്' നിയമത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് ആരോപിച്ചു.