വാശിയേറിയ മത്സരത്തിനൊടുവിൽ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വമ്പൻ തോല്‍വി. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയോട് 54,731 വോട്ടുകള്‍ക്കാണ് രാഹുൽ തോറ്റത്. 80 സീറ്റുകളുള്ള ഉത്തർ പ്രദേശിൽ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്.
2004 വരെ സോണിയ ഗാന്ധിയായിരുന്നു അമേഠിയിൽ മത്സരിച്ചിരുന്നത്. തുടർന്ന് 2004മുതൽ രാഹുൽ അമേഠിയെ പ്രതിനിധീകരിച്ചു. ആവർഷത്തെ തെരഞ്ഞെടുപ്പിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ വിജയിച്ചത്. പ്രധാനമന്ത്രി സ്ഥാനാർഥി ആയിട്ടു കൂടി അമേഠി ഇത്തവണ രാഹുലിനെ കൈവിട്ടു. 2014ലെ ലോക്സഭ ഇലക്ഷനിൽ ഒരുലക്ഷത്തിൽപരം വോട്ടിന് രാഹുല്‍ തോൽപ്പിച്ച സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുലിനെ പരാജയപ്പെടുത്തിയത്.
അതെ സമയം, ഇത് രാഷ്ട്രീയമാണെന്നും അമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും സ്മൃതി ഇറാനിയെയും അഭിനന്ദിക്കുന്നെന്നും രാഹുൽ പറഞ്ഞു. സ്മൃതി ഇറാനി അമേഠിയെ സ്നേഹത്തോടെ സംരക്ഷിക്കുമെന്ന് താൻ കരുതുന്നതായും രാഹുൽ കൂട്ടിച്ചേര്‍ത്തു.
ഉത്തർപ്രദേശിലെ അമേഠിയിലും കേരളത്തിലെ വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ വിജയിച്ചത്. എന്നാല്‍ അമേഠിയിലും ഉത്തർപ്രദേശിലും റെ വമ്പൻ തോല്‍വി കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്. കോൺഗ്രസ് അധ്യക്ഷൻ പൊതുതെരഞ്ഞെടുപ്പില്‍ വൻ പരാജയം ഏറ്റുവാങ്ങിയത് വരും ദിവസങ്ങളില്‍ പാർട്ടിയില്‍ ചർച്ചയാകും.