തിരുവനന്തപുരം: ജില്ലയിലെ പുതിയ കലക്‌ടറായി കെ ഗോപാലകൃഷ്ണന്‍ ചുമതലയേറ്റു. കലക്‌ടർ കെ വാസുകി അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഗോപാലകൃഷ്ണന്റെ നിയമനം. രാവിലെ 10.30 ന് കുടുംബത്തോടൊപ്പം കലക്‌ട്രേറ്റിൽ എത്തിയ പുതിയ കലക്ടറെ സബ് കലക്‌ടര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. ജില്ലയിലെ തീരദേശ മേഖലയിലെ ജനങ്ങൾ നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കലക്‌ടര്‍ പറഞ്ഞു. മറ്റു വിഷയങ്ങൾ പഠിച്ച ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് നാമക്കൽ സ്വദേശിയായ ഗോപാലകൃഷ്‌ണന്‍ 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സബ് കലക്‌ടർ, സംസ്ഥാന സർവേ ഡയറക്ടർ, സംസ്ഥാന സർക്കാരിന്‍റെ ജലനിധി പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഗോപാലകൃഷ്‌ണന്‍ ആദ്യമായാണ് ജില്ലാ കലക്‌ടറായി നിയമിതനാകുന്നത്.