ന്യൂഡല്‍ഹി: എന്‍ഡിഎയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. പാര്‍ലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ വെച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. പുതിയ ഇന്ത്യയുടെ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്നും ഒരു പുതിയ ഊര്‍ജ്ജവുമായി തുടങ്ങണമെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം എല്ലാവര്‍ക്കും മോദി നന്ദി അറിയിക്കുകയും ചെയ്തു. നേതാവായി തന്നെ തെരഞ്ഞെടുത്തതില്‍ എല്ലാവരോടും തനിക്ക് കടപ്പാടുണ്ടെന്നും മോദി പറഞ്ഞു.
ലോകം മുഴുവന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഉറ്റ് നോക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ സാക്ഷികളാണ്, ഉത്തരവാദികളുമാണ്. പുതിയ ഊര്‍ജ്ജമായി ഒരു പുതിയ ഇന്ത്യ എന്ന തീരുമാനം ഇവിടെ വെച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്‍റെ ഭാഗമാണ്. രാജ്യത്തെ ന്യൂനപക്ഷ ജനതയുടെ വിശ്വാസം ആർജ്ജിക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ ഭയമുണ്ടാക്കി, ആ ഭയത്തിൽ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം. ജനപ്രതിനിധികൾക്ക് പക്ഷപാതം പാടില്ലെന്നും പിന്തുണച്ചവരെയും അല്ലാത്തവരെയും ഒപ്പം നിറുത്തുമെന്നും മോദി പറഞ്ഞു.
ഈ രാജ്യത്തിന്‍റെ ഉയര്‍ച്ചക്കായാണ് ജനങ്ങള്‍ നമ്മളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാർജ്ജിക്കുകയാണ്. എല്ലാ തടസങ്ങളെയും എൻഡിഎ തെരഞ്ഞെടുപ്പിൽ മറികടന്നു. ഭരണ വിരുദ്ധ വികാരത്തിന് പകരം ജനങ്ങള്‍ നമ്മളില്‍ വിശ്വാസമര്‍പ്പിച്ചു, അത് ഭരണാനുകൂല തരംഗമാണ്. കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ ഉറച്ച് മുന്നോട്ട് പോകും. ദേശീയ താൽപര്യവും പ്രാദേശിക സ്വപ്നങ്ങളും ഒന്നിച്ചു നീങ്ങണമെന്നും മോദി വ്യക്തമാക്കി.
ഏറ്റവുമധികം വനിത പ്രതിനിധികള്‍ പാര്‍ലമെന്‍റിലെത്തിയ ചരിത്ര മുഹൂര്‍ത്തമാണ് ഇത്. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയധികം വനിത എംപിമാര്‍ പാര്‍ലമെന്‍റിലെത്തുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് ഇത് സാധ്യമായത്. മാധ്യമങ്ങളില്‍ വരുന്നതൊന്നും ശരിയല്ല. മന്ത്രിമാരെ നിശ്ചയിക്കുന്നത് മാധ്യമങ്ങൾ അല്ല. അടുപ്പം കാട്ടി അടുത്തെത്തുന്നവരെ സൂക്ഷിക്കണം. വഴിതെറ്റിക്കുന്നവരുണ്ട്. വിഐപി സംസ്കാരം ഒഴിവാക്കണം. മഹാത്മാ ഗാന്ധി, ദീൻദയാൽ ഉപാധ്യായ, രാംമനോഹർ ലോഹ്യ എന്നിവരുടെ ആശയങ്ങളാണ് രാജ്യത്തെ ഏറ്റവും സ്വാധീനിച്ചത്. ഇത്തവണ സർക്കാരുണ്ടാക്കിയത് പാവപ്പെട്ടവരാണെന്നും മോദി പറഞ്ഞു.