ഇതര സംസ്ഥാന വിദ്യാർഥികൾക്ക് സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് നാളെ മുതൽ അപേക്ഷിക്കാം. വിദ്യാർഥികള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. കോടതിവിധിയിൽ സർക്കാർ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്നത് വരെ വിധിയനുസരിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. വിദ്യാർഥികൾക്ക് അനുകൂലമായി പ്രവേശന നടപടികൾ എങ്ങനെ നടത്താമെന്ന സാധ്യതകളാണ് സർക്കാർ നിയമോപദേശത്തിൽ തേടുന്നത്. സുപ്രീം കോടതി ഉത്തരവിൽ അപ്പീൽ സാധ്യത ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകിയാൽ സംസ്ഥാനത്തെ വിദ്യാർഥികളുടെ അവസരം ഇല്ലാതാകുമെന്ന ആശങ്കയും സർക്കാരിനുണ്ട്. അങ്ങനെ വന്നാൽ പ്രശ്നം കൂടുതൽ സങ്കീർണമാകും എന്നാണ് സർക്കാർ വിലയിരുത്തൽ. സംസ്ഥാനത്തെ 18 സ്വകാര്യ മെഡിക്കൽ കോളജുകളുടെ അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.