മലപ്പുറം: മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്താൻ മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് ചേരും. രാവിലെ പതിനൊന്നിന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുക. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതിയാണ്. ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കാനിടയുള്ള വോട്ടിനെ കുറിച്ചും യുഡിഎഫിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിലയിരുത്തലുകള്‍ ഇന്നത്തെ യോഗത്തിലുണ്ടാവും. കാസർകോട് മണ്ഡലത്തിലെ കള്ളവോട്ട് അടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
പോളിങ് കണക്കുകൾ യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അതേസമയം ശബരിമല വിഷയം ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പൊന്നാനിയില്‍ യുഡിഎഫിന്‍റെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ലെന്നും കുറഞ്ഞത് ഇടത് വോട്ടുകളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.