കാസര്‍കോട്: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കാസര്‍കോട് എ ആര്‍ ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ലഡു വിതരണം ചെയ്തെന്ന് ആക്ഷേപം. കാവി നിറത്തിലുള്ള ലഡുവാണ് ജില്ലാ പൊലീസ് ആസ്ഥാനത്തെ ക്യാന്‍റീനില്‍ വിതരണം ചെയ്തത്. അനുമതിയില്ലാതെ മധുരം വിതരണം ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ക്യാന്‍റീന്‍ അധികൃതര്‍ വിലക്കിയതിനാല്‍ ഉദ്യോഗസ്ഥന്‍ ക്യാന്‍റീന് പുറത്ത് മധുരം വിതരണം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പൊലീസ് മേധാവി എ ആര്‍ ക്യാമ്പ് അസിസ്റ്റന്‍റ് കമാന്‍റിനോട് റിപ്പോര്‍ട്ട് തേടി. അതേസമയം പൊലീസ് ക്യാമ്പില്‍ പരസ്യമായി ബിജെപി അനുകൂല പ്രവര്‍ത്തനം നടത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തന്‍റെ പിറന്നാളായതിനാലാണ് മധുരം നല്‍കിയതെന്നും തെറ്റായ പ്രചാരണമാണ് നടന്നതെന്നും പൊലീസുകാരന്‍ വിശദീകരണം നല്‍കിയെന്നാണ് സൂചന.