പ്രാദേശികമായി നടക്കുന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ മടികാണിക്കുന്നവരാണ് ബോളിവുഡ് താരങ്ങളെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. എന്നാല്‍ ഇവര്‍ക്ക് അമേരിക്കയിലെ കറുത്തവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രതികരിക്കാന്‍ യാതൊരുവിധ മടിയുമില്ലെന്നും കങ്കണ റണാവത്ത് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ ചുറ്റുപാടും നടക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനോ അതില്‍ ശ്രദ്ധ ചെലുത്താനോ താത്പര്യമില്ലാത്തവരാണ് ബോളിവുഡ് താരങ്ങളെന്ന് കങ്കണ പറഞ്ഞത്.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഇവര്‍ മഹാരാഷ്ട്രയില്‍ സന്യാസിമാര്‍ ആക്രമണത്തിന് ഇരയായ വിഷയത്തില്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറായില്ലെന്നും ബോളിവുഡ് താരങ്ങള്‍ക്ക് ഹോളിവുഡ് താരങ്ങളുടെ പ്രശംസയോടാണ് താല്‍പര്യമെന്നും കങ്കണ റണാവത്ത് പറഞ്ഞു. പത്മശ്രീ ബഹുമതിയടക്കം നേടിയവര്‍ പോലും പ്രതികരിക്കാന്‍ തയ്യാറല്ലെന്നും താരം പറഞ്ഞു.