കൊച്ചി: ഐഎസ്എല്‍ 2020-21 സീസണ് മുന്നോടിയായി ഗോവന്‍ സ്വദേശിയായ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍. നേരത്തെ മുംബൈ സിറ്റി എഫ്‌സിയുടെയും ഡല്‍ഹി ഡയനാമോസിന്‍റെയും കഴിഞ്ഞ സീസണില്‍ ഒഡീഷ എഫ്സിയുടെയും വല കാത്തത് ഗോമസായിരുന്നു.
ഐസിഎല്ലില്‍ 37 മത്സരങ്ങള്‍ കളിച്ച ഗോള്‍കീപ്പര്‍ ഗോമസിന്‍റെ പേരില്‍ രണ്ട് ക്ലീന്‍ ഷീറ്റുകളും 37 സേവുകളുമുണ്ട്. സാല്‍ഗോക്കറിന്‍റെ യൂത്ത് അക്കാദമിയില്‍ പന്ത് തട്ടാന്‍ ആരംഭിച്ച ഗോമസ് 2016-17 ഐ ലീഗ് സീസണില്‍ കിരീടം സ്വന്തമാക്കിയ ഐസ്വാളിന്‍റെ ഗോള്‍കീപ്പറായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളില്‍ 2016ലെ എഎഫ്‌സി അണ്ടര്‍ 23 കപ്പിന്‍റെ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമായി. മുന്‍ ദേശീയ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റയിനായിരുന്നു അന്ന് ടീമിനെ കളി പഠിപ്പിച്ചിരുന്നത്.
പുതിയ പരിശീലകന്‍ കിബു വിക്കൂനക്ക് കീഴില്‍ ബ്ലാസ്റ്റേഴ്സില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗോമസ്. ഐഎസ്എല്ലില്‍ ഏറ്റവും ആവേശഭരിതരായ ആരാധകരുള്ള ക്ലബിന് വേണ്ടി കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഗോമസ് പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള ക്ലബാണ് ബ്ലാസ്റ്റേഴ്സ്. അതിനാല്‍ തന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്ന് ഉറപ്പുണ്ട്. സീസണ്‍ ആരംഭിക്കാനും ടീം അംഗങ്ങള്‍ക്ക് ഒപ്പം ചേരാനുമായി കാത്തിരിക്കയാണെന്നും ഗോമസ് പറഞ്ഞു. അതേസമയം ക്ലബുമായി കരാര്‍ ഒപ്പിട്ടതില്‍ ഗോമസിനെ അഭിനന്ദിക്കുന്നതായി കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് വ്യക്തമാക്കി.