ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 20 അഗ സംഘമാണ് പര്യടനത്തിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും പര്യടനത്തിന്‍റെ ഭാഗമായി ടീം ഇന്ത്യ കളിക്കും.
പരിക്ക് ഭേദമായി ഫിറ്റ്‌സന് വീണ്ടെടുത്ത ഓള്‍റൗണ്ടര്‍ രവീന്ദ്രജഡേജ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയുടെ ഭാഗമായ ഹനുമ വിഹാരി എന്നിവര്‍ ഇന്ത്യന്‍ സംഘത്തില്‍ ഇടം നേടി. അതേസമയം കുല്‍ദീപ് യാദവ് നവദീപ് സെയ്‌നി എന്നിവരെ പരിഗണിച്ചില്ല.
അടുത്തിടെ ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ ലോകേഷ് രാഹുലും കൊവിഡ് മുക്തനായ വൃദ്ധിമാന്‍ സാഹയും ഫിറ്റ്‌സന് തെളിയിച്ച ശേഷം ടീമിന്‍റെ ഭാഗമാകും. വിരാട് കോലി നയിക്കുന്ന ടീമില്‍ പതിവ് പോലെ അജിങ്ക്യാ രഹാനെയാണ് ഉപനായകന്‍. ഓപ്പണര്‍മാരുടെ റോളില്‍ രോഹിത് ശര്‍മ ശുഭ്‌മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് ഇടം ലഭിച്ചപ്പോള്‍ ചേതേശ്വര്‍ പൂജാര ഹനുമാ വിഹാരി എന്നിവര്‍ക്ക് മിഡില്‍ ഓര്‍ഡറില്‍ അവസരം ഒരുങ്ങും.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മന്‍ സ്ഥാനത്തേക്ക് റിഷഭ് പന്തിനൊപ്പം സാഹയെയും പരിഗണിച്ചേക്കും. ഓള്‍റൗണ്ടര്‍മാരുടെ റോളില്‍ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും വാഷിങ്‌ടണ്‍ സുന്ദറും അണിനിരക്കും. സ്‌പിന്‍ ബൗളിങ്ങിന് രവി അശ്വിന്‍ മാത്രമാണ് കോലിക്ക് ആശ്രയിക്കാനുള്ളത്. അതേസമയം പേസ് ബൗളര്‍മാരുടെ വലിയ നിരയുമായാണ് കോലി ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്. ഇശാന്ത് ശര്‍മ നയിക്കുന്ന സംഘത്തില്‍ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ കരുത്താകും. മീഡിയം പേസര്‍ എന്ന നിലയില്‍ ശര്‍ദുല്‍ താക്കൂറും ടീമില്‍ ഇടം നേടിയിട്ടുണ്ട്.