ന്യൂഡൽഹി: മോഷണവുമായി ബന്ധപ്പെട്ട പരാതികൾ തൽക്ഷണം സമർപ്പിക്കാൻ ആപ്പുമായി ഡൽഹി പൊലീസ്. ഇ-എഫ്‌ഐആർ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ പരാതിക്കാർക്ക് എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യാനാകും. പൊലീസ് സ്റ്റേഷനിൽ പോകാതെ തന്നെ എഫ്ഐആറിന്‍റെ പകർപ്പ് ലഭിക്കുമെന്നതും ആപ്പിന്‍റെ സവിശേഷതയാണ്. മോഷണം സംബന്ധിച്ച എഫ്‌ഐആർ ഓൺലൈനായി സമർപ്പിക്കുന്നത് കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് സഹായിക്കുമെന്ന് പൊലീസ് കമ്മിഷണർ രാകേഷ് അസ്‌താന പറഞ്ഞു.
ഒരു പരാതി രജിസ്റ്റർ ചെയ്‌ത ശേഷം, ക്രൈംബ്രാഞ്ചിന് കീഴിൽ സ്ഥാപിതമായ ഒരു ഇ-പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. എഫ്‌ഐആറിന്‍റെ പകർപ്പ് പരാതിക്കാരൻ, ഏരിയ എസ്എച്ച്ഒ, മുതിർന്ന ഉദ്യോഗസ്ഥർ, നിയുക്ത കോടതി എന്നിവരുടെ ഇമെയിൽ ഐഡിയിലേക്ക് തൽക്ഷണം അയക്കും. വെബ് ആപ്ലിക്കേഷൻ യുആർഎല്ലിന് ഡൽഹി പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.delhipolice.nic.in നുമായി ഒരു ലിങ്ക് ഉണ്ടായിരിക്കും. വെബ്‌സൈറ്റിലെ സിറ്റിസൺ സർവീസസ് വിഭാഗത്തിന് കീഴിൽ അപ്ലിക്കേഷൻ കാണാം.
ആപ്പ് ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കൾ മൊബൈൽ ഫോൺ നമ്പറും ഇമെയിൽ ഐഡിയും നൽകി രജിസ്റ്റർ ചെയ്യണം. ഒരു ഒടിപി മൊബൈലിലും വെബിലും യഥാക്രമം എസ്എംഎസ് വഴിയും ഇമെയിൽ വഴിയും ലഭിക്കും. അന്വേഷണ ഉദ്യോഗസ്ഥന് ലോഗിൻ ചെയ്യാൻ പാസ്‌വേഡ് ഉള്ള ഒരു യൂസർ ഐഡിയും ഉണ്ടായിരിക്കും. ഓരോ തവണയും ഓരോ എഫ്‌ഐആർ ഫോൾഡറിലേക്കും ആക്‌സസ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് ഒടിപി ലഭിക്കും. ഇതുവഴി നിയുക്ത അന്വേഷണ ഉദ്യോഗസ്ഥന് പരാതിക്കാരനെ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടാം.
Also read: ഉദ്യോഗാര്‍ഥികള്‍ ബിഹാറില്‍ ട്രെയിൻ കത്തിച്ചു; റെയില്‍വേ പരീക്ഷ രീതിക്കെതിരെ പ്രതിഷേധം