വാഷിങ്ടണ്‍: കൊവിഡ് വൈറസ് പകർച്ചവ്യാധിക്കിടയില്‍ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനും ശക്തമായ ത്രിരാഷ്ട്ര പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് പ്രതിരോധ മന്ത്രിമാർ വെർച്വൽ മീറ്റിങ് നടത്തി. ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി ലിൻഡ റെയ്നോൾഡ്സ്, ജപ്പാൻ പ്രതിരോധ മന്ത്രി കൊനോ ടാരോ, യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ് മീറ്റിങില്‍ പങ്കെടുത്തത്. ഇന്തോ-പസഫിക് മേഖലയിലെ സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.
ദക്ഷിണ ചൈനാക്കടലിൽ അടുത്തിടെ നടന്ന ചൈനയുടെ നടപടിയെക്കുറിച്ചും യോഗത്തില്‍ ചർച്ചയായി. സ്ഥിതിഗതികളിൽ മാറ്റം വരുത്താൻ ബലപ്രയോഗം ഉപയോഗിക്കുന്നതിനെതിരെ മൂന്ന് പ്രതിരോധ മന്ത്രിമാരും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കൂടാതെ നാവിഗേഷൻ സ്വാതന്ത്ര്യത്തിന്‍റെ ആവശ്യകത, മറ്റ് രാജ്യങ്ങളുടെ വിഭവ ചൂഷണ പ്രവർത്തനങ്ങളെ തടസപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള ആശങ്കും യോഗത്തില്‍ ഉയര്‍ന്നു.
ഐക്യരാഷ്ട്രസഭയുടെ കടൽ നിയമപ്രകാരമുള്ള തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം മന്ത്രിമാർ യോഗത്തില്‍ ഊന്നിപറഞ്ഞു. പിരിമുറുക്കം കുറയ്ക്കുന്നതിനും വിശ്വാസം വളർത്തിയെടുക്കുന്നതിനും ഈ മേഖലയിലെ എല്ലാ രാജ്യങ്ങളും അർഥവത്തായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഹോങ്കോങ്ങിൽ ചൈനീസ് ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിൽ യോഗത്തില്‍ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയങ്ങളുടെ (യുഎൻഎസ്‌സിആർ) ആവർത്തിച്ചുള്ള ലംഘനങ്ങളെ അപലപിക്കുന്നുവെന്നും മന്ത്രിമാർ പറഞ്ഞു.
പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനും പ്രാദേശിക സ്ഥിരതയെ ദുർബലപ്പെടുത്തുന്നതുമായ നടപടികൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കാനും മന്ത്രിമാർ വീണ്ടും ഉത്തര കൊറിയയോട് അഭ്യർത്ഥിച്ചു. ഉത്തരകൊറിയയുമായി ഇടപഴകുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു. ഒപ്പം ചർച്ചകളിലേക്ക് മടങ്ങാനും സംഭാഷണത്തിൽ നിരന്തരമായ പ്രതിബദ്ധത കാണിക്കാനും ഉത്തര കൊറിയയോട് യുഎസ് പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടു.