ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻ തീരത്തിനടുത്തുള്ള സംസ്ഥാനങ്ങളോട് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട് പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും ആൻഡമാൻ നിക്കോബാർ ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിലാണ് സംസ്ഥാനങ്ങൾക്ക് ആവശ്യമായ മരുന്നുകളും മറ്റ് ആരോഗ്യ സൗകര്യങ്ങളും ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിർദേശ പ്രകാരം വടക്കൻ ആൻഡമാൻ കടലിൽ ന്യൂനമർദം രൂപം കൊള്ളാനും മെയ് 24നകം ഇതൊരു ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തുടർന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന കാറ്റ് മെയ് 26 ന് രാവിലെ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തേക്കടുക്കും. അതുകാരണം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കിഴക്കൻ തീരത്തെ ജില്ലകളിലും വ്യാപകമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഇത് ഉൾനാടൻ വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും ഭൂഷൺ ചീഫ് സെക്രട്ടറിമാരോട് പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ജനങ്ങൾക്ക് മറ്റൊരു വെല്ലുവിളിയായേക്കാമെന്നും കൂടാതെ ഡെങ്കി, മലേറിയ പോലുള്ള രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാലും എല്ലാ തീരദേശ ജില്ലകളിലും ഇതിനു വേണ്ടുന്ന അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാരോട് അഭ്യർഥിച്ചു. ആരോഗ്യമേഖലയിലെ ഇൻസിഡന്‍റ് കമാൻഡ് സിസ്റ്റവും കൺട്രോൾ റൂമും സജീവമാക്കുക. ഒരു നോഡൽ ഉദ്യോഗസ്ഥനെ ഏർപ്പെടുത്തി അദ്ദേഹത്തെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തെ അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശ്, ആൻഡമാൻ ദ്വീപുകൾ, ഒഡിഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എല്ലാ തീരദേശ ജില്ലകളിലെയും ആരോഗ്യമേഖല ഡിഎം പദ്ധതിയും ആശുപത്രി ദുരന്ത നിവാരണ പദ്ധതിയും സജീവമാക്കാൻ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ട ഭൂഷൺ, ഈ ആശുപത്രികളിലെ എല്ലാ അടിയന്തര വകുപ്പ് തയ്യാറെടുപ്പുകളും അവലോകനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ആരോഗ്യ സൗകര്യങ്ങളോടൊപ്പം തന്നെ തീരദേശ ജില്ലകളിലെല്ലാം വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയുടെ ലഭ്യതയും ഉറപ്പു വരുത്തണം. ചുഴലിക്കാറ്റ് സംബന്ധിച്ച് ഐഎംഡിയുടെ നിർദേശങ്ങൾ പിന്തുടരാനും മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.
Also Read: കേരളം ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത