ടോക്കിയോ: സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്ന് ജാപ്പനീസ് അന്വേഷണ സംഘങ്ങൾ നടത്തിയ അന്വേഷണത്തിൽ ചൈനീസ് ധനസഹായത്തോടെ 700ലധികം ഭൂമി ഇടപാടുകൾ ജപ്പാനിലെ സൈനിക താവളങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നിക്ഷേപങ്ങളും വാങ്ങൽ പദ്ധതികളും ചൈനീസ് നേതൃത്വത്തിലുള്ള വിദേശ കോർപ്പറേഷനുകളാണ് നയിച്ചതെന്നും ഇത് ജപ്പാന്‍റെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൈനിക സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള ഭൂമിയുടെ സ്വത്തവകാശത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയ ശേഷമാണ് ജാപ്പനീസ് അധികൃതർ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയതെന്നും വാർത്താ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി രാജ്യത്തിന്‍റെ ചുറ്റളവിന് 10 കിലോമീറ്ററിനുള്ളിലും ജാപ്പനീസ് ദ്വീപുകളിലുമായി ചൈന ഭൂമി വാങ്ങാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങളിൽ നിന്നാണ് അന്വേഷണം ഉയർന്നത്. ചൈന ഭൂമി ഇടപാട് നടത്തിയ പ്രദേശങ്ങൾ ജപ്പാൻ സ്വയം പ്രതിരോധ സേന, യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ജപ്പാനിലെ സൈനിക താവളം, ജപ്പാനിലെ കോസ്റ്റ് ഗാർഡ്, ബഹിരാകാശ വികസനത്തിനുള്ള സൗകര്യങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ളതാണെന്ന് കണ്ടെത്തി. ഈ സൈറ്റുകളിൽ നിന്ന് ഒരാൾക്ക് ജാപ്പനീസ്, അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ, വിമാനങ്ങൾ, ഉദ്യോഗസ്ഥർ മുതലായവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ കഴിയും.
അതേസമയം കനഗാവ പ്രിഫെക്‌ചറിലെ യുഎസ് സൈനിക താവളത്തിന് ഏറ്റവും അടുത്തുള്ള ഒരു സ്ഥലം വാങ്ങിയ വ്യക്തികളിൽ ഒരാൾക്ക് ബീജിങ് സർക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന റിപ്പോർട്ടുകളിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. ഈ സ്ഥലത്തിന് സമീപത്തായി ഇയാൾക്ക് നിരവധി ബഹുനില കെട്ടിടങ്ങളും സ്വന്തമായി ഉള്ളതായി കണ്ടെത്തി. ഒക്കിനാവ ദ്വീപിലെ അമേരിക്കൻ താവളത്തിനും ടോട്ടോറി പ്രിഫെക്‌ചറിലെ ജാപ്പനീസ് പ്രതിരോധ പരിസരത്തിനും ചുറ്റുമുള്ള മറ്റ് ഇടപാട് പദ്ധതികളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ചൈനീസ് നിക്ഷേപകർ ഈ മേഖലകളെയും ലക്ഷ്യമിടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Also Read: ചൈനക്ക് ബദലായി 'ക്വാഡ്'