ഡല്‍ഹി: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. രോഗത്തെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും ഹർഷവർദ്ധൻ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയും ചൊവ്വാഴ്ച രാവിലെയും സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജയുമായി ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹി എയിംസില്‍ നിന്ന് വിദഗ്ദസംഘത്തെ കേരളത്തിലേക്കയച്ചിട്ടുണ്ട്. നിപയുടെ സംശയം ഉണ്ടായപ്പോള്‍ തന്നെ വേണ്ട വിധത്തിലുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം രാത്രി പൂനെ വൈറോളജി ലാബില്‍ നിന്ന് പരിശോധനഫലം പുറത്ത് വന്നതോടെയാണ് നിപ സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്തെ സാഹചര്യം ചര്‍ച്ച ചെയ്യാനായി ചൊവ്വാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യസെക്രട്ടറി, ഐ.എം.ആര്‍. പ്രതിനിധികള്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു.