ലണ്ടന്‍: ഇംഗ്ലീഷ് താരം ഏയ്ഞ്ചല്‍ ഗോമസ് ക്ലബ് വിട്ടെന്ന് സ്ഥിരീകരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ജൂണ്‍ അവസാനത്തോടെ ക്ലബുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ കരാറില്‍ ഒപ്പുവെക്കാന്‍ ഗോമസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 19 വയസുള്ള താരം ക്ലബ് വിട്ടെന്ന് യുണൈറ്റഡ് വ്യക്തമാക്കിയത്. ക്ലബിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായും നല്ല ഭാവി ആശംസിക്കുന്നുവെന്നും യുണൈറ്റഡ് അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആറാം വയസിലാണ് ഗോമസ് ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. 2017ല്‍ 16 വയസുമാത്രമുള്ളപ്പോള്‍ അദ്ദേഹം സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറി. മധ്യനിരയില്‍ ആക്രമിച്ച് കളിക്കുന്ന ഗോമസിന് പക്ഷേ ടീമില്‍ വേണ്ടത്ര അവസരം ലഭിച്ചില്ല. ഇതേവരെ 10 തവണ മാത്രമാണ് അദ്ദേഹം സീനിയര്‍ ടീമിന് വേണ്ടി ബൂട്ടണിഞ്ഞത്. ജനുവരിയില്‍ നോര്‍വിച്ച് സിറ്റിക്ക് വേണ്ടിയാണ് അവസാനം കളിച്ചത്. അന്ന് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് യുണൈറ്റഡ് വിജയിച്ചിരുന്നു.
അതേസമയം ബ്രൂണോ ഫെര്‍ണാണ്ടസിന് സമാന മാതൃകയില്‍ കളിക്കുന്ന നാലോളം താരങ്ങളെ ക്ലബിലെത്തിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത സീസണില്‍ പോരാട്ടം ശക്തമാക്കാനാണ് യൂണൈറ്റ്ഡ് പരിശീലകന്‍ ഒലേ സോള്‍ഷെയര്‍ നീക്കം നടത്തുന്നത്. ഈ സീസണില്‍ എഫ്എ കപ്പിലും ചാമ്പ്യന്‍സ് ലീഗിലും മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയും സോള്‍ഷെയറിനുണ്ട്. ജൂലൈ 19ന് നടക്കുന്ന എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി പോരാട്ടം നടക്കും.