വാഷിംഗ്ടൺ: ഈ വർഷം ആദ്യം ഒപ്പുവച്ച യുഎസ്- താലിബാൻ കരാർ നിലനിൽക്കെ താലിബാൻ അൽ ഖ്വയ്ദയുമായി ബന്ധം പുലർത്തുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട്. കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കും തീവ്രവാദ ഗ്രൂപ്പുമായുള്ള ബന്ധം പാടില്ല എന്നാണ്. ഫെബ്രുവരിയിൽ യുഎസ്- താലിബാൻ കരാർ ട്രംപ് ഭരണകൂടം ഒപ്പുവെച്ചതു മുതൽ താലിബാൻ അക്രമത്തിന്റെ തോത് വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഫെബ്രുവരിയിൽ, അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനികരുടെ എണ്ണം ജൂലായ് പകുതിയോടെ 8,600 ആയി കുറയ്ക്കുമെന്ന് ട്രംപ് ഭരണകൂടം ഉറപ്പ് നൽകിയിരുന്നു. ഇതിന് പകരമായി അൽ ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ച് സമാധാന ചർച്ചകളിൽ ഏർപ്പെടുമെന്ന് താലിബാനും വാഗ്ദാനം ചെയ്തിരുന്നു. കരാർ പൂർണമായും പാലിക്കുന്നതിൽ താലിബാൻ പരാജയപ്പെട്ടുവെന്ന് വ്യക്തമാണെങ്കിലും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനുള്ള പദ്ധതികൾക്ക് ട്രംപ് ഭരണകൂടം അന്തിമരൂപം നൽകിക്കഴിഞ്ഞു. യുഎസ് സൈന്യത്തെ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ റഷ്യ താലിബാനുമായും അഫ്ഗാനിസ്ഥാനിലെ മറ്റ് ഗ്രൂപ്പുകളുമായും സജീവമായി ചർച്ച നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അമേരിക്കയും താലിബാനും തമ്മില്‍ കരാറൊപ്പിട്ടത്. താലിബാന്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ 14 മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കയും നാറ്റോയും സൈന്യത്തെ പിന്‍വലിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.