പത്തനംതിട്ട: കുടമണി കിലുക്കി പായുന്ന കുതിരകളും തലയുയർത്തി നടന്നു നീങ്ങുന്ന ഒട്ടകവും എല്ലാം പന്തളം തെക്കേക്കര പഞ്ചായത്തിലെ തട്ട ഗ്രാമവാസികൾക്ക് സ്ഥിര കാഴ്ചയാണ്. തട്ട സ്വദേശിയും മൃഗസ്നേഹിയുമായ അയ്യപ്പരാജിന്‍റെ ഫാമിലെ താരങ്ങളാണിവർ. ഇവിടുത്തെ കുതിരകളായ ആദിശങ്കരനും, മുരുകനും കൂട്ടായി ഇപ്പോൾ അപ്പുവെന്ന ഒട്ടകം കൂടി എത്തിയിരിക്കുന്നു.
ആദിശങ്കരനും മുരുകനും സിനിമയിലും താരങ്ങളാണ്. ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി, മാമാങ്കം, ചാർലി എന്നീ സിനിമകളിൽ ആദിശങ്കരൻ അഭിനയിച്ചു. റോമൻസ് എന്ന ചിത്രത്തിലെ താരമായിരുന്നു മുരുകൻ. പാട്ടിനൊപ്പം നൃത്തം ചവിട്ടുന്ന ആദിശങ്കരൻ സിനിമാക്കാരുടെയും ഇഷ്ട താരമാണ്. വന്നിട്ട് ദിവസങ്ങളെ ആയിട്ടുള്ളു എങ്കിലും ഒന്നര വയസ്സുള്ള അപ്പുവെന്ന ഒട്ടകത്തെ തേടിയും സിനിമയിൽ നിന്നും വിളി എത്തി കഴിഞ്ഞു. എന്നാൽ അപ്പുവിപ്പോൾ പരിശീലന കാലയളവിലാണെന്നും കൃത്യമായ പരിശീലന ത്തിനു ശേഷം സിനിമ ഷൂട്ടിംഗുകൾക്ക് വിട്ടു നൽകുമെന്നും അയ്യപ്പരാജ് പറഞ്ഞു.
രാജസ്ഥാനിൽ നിന്നുമാണ് അപ്പുവിനെ കൊണ്ടു വന്നത്. ഒന്നര വയസ്സുള്ള അപ്പുവിന് രണ്ടാം വയസ്സിൽ മൂക്ക് കുത്തും. നിയന്ത്രണ ചരട് പിടിപ്പിക്കാനാണ് മൂക്ക് കുത്തൽ. ഉറക്കത്തിനും വിശ്രമത്തിനും കടൽമണൽ കൊണ്ട് മെത്ത ഒരുക്കണം. അപ്പുവിനെ കഴിയുന്നത്ര നാട്ടു ശീലങ്ങളുമായി ഇണക്കിയെടുക്കാനാണ് പരിശീലകരുടെയും ശ്രമം. രാജസ്ഥാനിൽ നിന്നും ഏത്തിയതിനാൽ ഹിന്ദിയും മലയാളവും കലർത്തിയാണ് പരിശീലനം. കുതിരകളും ഒട്ടകവും തങ്ങളുടെ ഗ്രാമത്തില്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് തട്ട നിവാസികള്‍. മാത്രമല്ല വിദേശങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള ഇവയെ നേരിട്ട് കണ്ടതിന്‍റെ അദ്ഭുതത്തിലുമാണ് പലരും.
ഒട്ടകത്തിന്‍റെയും കുതിരകളുടെയും പരിശീലനം, പരിപാലനം എന്നിവയ്ക്ക് പ്രത്യേകം ജോലിക്കാരുണ്ട്. വിവിധയിനം വളർത്തുപക്ഷികളും ഇവിടെയുണ്ട്. എന്നാല്‍ സന്ദർശകർക്ക് പ്രിയം കുതിരകളും ഒട്ടകവും തന്നെ. ഇനി ആനകുട്ടിയെ ഫാമിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിക്കു എന്ന അയ്യപ്പരാജ്.