ബെംഗളൂരു: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായി. ബെംഗളൂരുവില്‍ നിന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് ഇവരെ പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരുമുള്ള സ്ഥലം സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന നല്‍കിയതെന്നാണ് വിവരം. അറസ്റ്റ് വിവരം എന്‍.ഐ.എ കസ്റ്റംസിന് കൈമാറി. പിടിയിലാവുമ്പോള്‍ സ്വപ്ന കുടുംബത്തോടൊപ്പമായിരുന്നു.
കഴിഞ്ഞ ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന രണ്ടാം പ്രതിയും, സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്. എന്‍.ഐ.എയുടെ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. ബെംഗളൂരു പോലീസിന്‍റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്‍റെയും സഹായമുണ്ടായിരുന്നു. ശനിയാഴ്‌ച വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.