ഐസ്വാൾ: മിസോറാമിന്‍റെ പുതിയ മുഖ്യമന്ത്രിയായി സോറാം പീപ്പിൾസ് മൂവ്‌മെന്‍റ് (ZPM) നേതാവ് ലാൽദുഹോമ അധികാരത്തിലേറി. ഇന്ന് രാവിലെ 11 ന് ആയിരുന്നു സത്യപ്രതിജ്ഞ (Lalduhoma swear as Mizoram CM) നടന്നത്. ലാൽദുഹോമക്കൊപ്പം സെഡ് പി എമ്മിലെ മറ്റ് 11 നേതാക്കളും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ഹരി ബാബു കമ്പംപാട്ടി ലാൽദുഹോമക്കൊപ്പം മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ മുൻ മുഖ്യമന്ത്രി സോറാംതംഗയും: സത്യപ്രതിജ്ഞ ചടങ്ങിൽ മിസോ നാഷണൽ ഫ്രണ്ട് നേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ സോറാംതംഗ പങ്കെടുത്തു. കൂടാതെ നിയമസഭ കക്ഷി നേതാവ് ലാൽചന്ദമ റാൾട്ടെ, മുൻ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ല, എംഎൻഎഫ് എംഎൽഎമാർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സെഡ് പി എം പാർട്ടി തലപ്പത്ത് ലാൽദുഹോമയെയും ഉപനേതാവായി കെ സപ്‌തംഗയെയും തിരഞ്ഞെടുത്തത്. സെഡ് പി എം ഉപദേശക സമിതിയായ വാൽ ഉപ കൗൺസിൽ മന്ത്രിസഭ രൂപീകരണ വിഷയം തീരുമാനിക്കുന്നതിനായി ബുധനാഴ്‌ച ലാൽദുഹോമയുമായി യോഗം ചേർന്നിരുന്നതായി സെഡ് പി എം മീഡിയ സെൽ ജനറൽ സെക്രട്ടറി എഡ്ഡി സോസാംഗ്ലിയാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സെഡ് പി എമ്മിന് ഇത് ചരിത്ര വിജയം: 40 അംഗ നിയമസഭയുള്ള മിസോറാമിൽ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണ് അധികാരമേറ്റത്. 2023 നിയമസഭ തെരഞ്ഞെടുപ്പില്‍ 27 സീറ്റുകൾ നേടിയാണ് സെഡ് പി എം വിജയിച്ചത്. എം എൻ എഫ്, ബി ജെ പി, കോൺഗ്രസ് എന്നീ പ്രധാന പാർട്ടികളെ പിന്നിലാക്കി നേടിയ ഈ ചരിത്ര വിജയം സെഡ് പി എമ്മിന് അഭിമാന നിമിഷമാണ്. 2018ലെ തെരഞ്ഞെടുപ്പിൽ 26 സീറ്റുകൾ നേടിയിരുന്ന എംഎൻഎഫിന് ഇത്തവണ നേടാനായത് 10 സീറ്റുകൾ മാത്രമാണ്.
Also read:മിസോറാമില്‍ അടിപതറി സോറംതഗ; കരുത്തുകാട്ടി സെഡ്‌പിഎം, മുഖ്യമന്ത്രിയാകാന്‍ ലാല്‍ദുഹോമ