ലഖ്‌നൗ (ഉത്തർപ്രദേശ്) : സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്‍റെ പിതാവും മുതിർന്ന നേതാവുമായ മുലായം സിങ് യാദവിനെ ബഹുമാനിക്കുന്നതിൽ പോലും അഖിലേഷ് യാദവ് പരാജയപ്പെട്ടുവെന്നായിരുന്നു യോഗിയുടെ പരാമർശം. ബിഎസ്‌പി എംഎൽഎ രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയെ അജ്ഞാതർ കഴിഞ്ഞ ദിവസം നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്.
'അവർ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെടുന്നു. അവർ സംസ്ഥാനത്തെ സുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങൾ ലജ്ജിക്കണം. കാരണം നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുന്നതിൽ പോലും നിങ്ങൾ പരാജയപ്പെട്ടു. ഇങ്ങനെയാണോ നിങ്ങൾ പെരുമാറേണ്ടത്. ഞാൻ ആരുടേയും പേര് പരാമർശിച്ചിട്ടില്ല, എന്നാൽ എന്‍റെ പരാമർശങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്' - യോഗി പറഞ്ഞു.
'ഉത്തർപ്രദേശ് പിന്നോക്കമാണെന്നും ശോചനീയമാണെന്നും പറയുന്നതിൽ അവർക്ക് അഭിമാനമുണ്ട്. ഇത് യുപിയോടുള്ള അവരുടെ ഉദ്ദേശം വെളിപ്പെടുത്തുന്നു. കാരണം അവരുടെ ഭരണകാലത്ത് അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇരട്ട എഞ്ചിൻ സർക്കാർ അതിവേഗം പ്രവർത്തിക്കുകയും അതിന്‍റെ ഗുണം ജനങ്ങൾ നേടുകയും ചെയ്യുന്നു. ഇതിൽ അവർ അസ്വസ്ഥരാണ്' - യോഗി ആദിത്യനാഥ് പറഞ്ഞു.
ബിഎസ്‌പി എംഎല്‍എ രാജു പാലിനെ 2005ല്‍ വെടിവച്ചുകൊന്ന കേസിലെ പ്രധാനസാക്ഷിയായ ഉമേഷ് പാലിനെയാണ് കഴിഞ്ഞ ദിവസം അജ്ഞാതന്‍ വകവരുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ പ്രയാഗ്‌രാജിലെ പ്രധാന റോഡിൽ വച്ചായിരുന്നു വധം. രാജുപാൽ കൊലക്കേസിൽ മുന്‍ ലോക്‌സഭാംഗവും ഗുജറാത്തില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന അധോലോകത്തലവനുമായ ആതിഖ് അഹമ്മദാണ് പ്രധാന പ്രതി.
ഇരട്ട എഞ്ചിൻ എവിടെയെന്ന് അഖിലേഷ് : ഇതിനിടെ ക്രിമിനലുകൾ നിങ്ങളുടേതാണെന്ന് പറഞ്ഞ് അഖിലേഷ് യാദവും തിരിച്ചടിച്ചു. രാമരാജ്യത്തിൽ സംസ്ഥാനത്തെ പൊലീസ് സമ്പൂർണ പരാജയമാണ്. പട്ടാപ്പകൽ വെടിവയ്‌പ്പ് നടക്കുന്നു. ബോംബുകൾ എറിയുന്നു. സാക്ഷികൾ കൊല്ലപ്പെടുന്നു. ഇക്കാര്യത്തിൽ പൊലീസ് എന്താണ് ചെയ്യുന്നത്. സർക്കാർ എന്താണ് ചെയ്യുന്നത്. ഇരട്ട എഞ്ചിനുകൾ എവിടെ ? അഖിലേഷ് യാദവ് ചോദിച്ചു.
മാഫിയരാജ് അനുവദിക്കില്ലെന്ന് യോഗി : ഇതിനിടെ സമാജ്‌വാദി പാർട്ടിയാണ് ആതിഖ് അഹമ്മദിനെ എംപിയാക്കിയതെന്ന് യോഗി തിരിച്ചടിച്ചു. 'പ്രയാഗ്‌രാജ് സംഭവത്തിൽ സഹിഷ്‌ണുതാനയത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. എന്നാൽ സംഭവത്തിൽ ഉൾപ്പെട്ട കുറ്റവാളിയെ സമാജ്‌വാദി പാർട്ടിയല്ലേ വളർത്തിവലുതാക്കിയത്.
ALSO READ: 'കഴിഞ്ഞ വർഷം 621 കോടി, ഇത്തവണ 2500 കോടി': ഉത്തർപ്രദേശ് ബജറ്റില്‍ മഹാകുംഭമേളയ്ക്ക് 'കോടിത്തിളക്കം'
അവനെ എംപിയാക്കിയത് സമാജ്‌വാദി പാർട്ടി ആയിരുന്നില്ലേ. സമാജ്‌വാദി പാർട്ടി നേതാവായ അഖിലേഷിനെ വിരൽചൂണ്ടി യോഗി ആദിത്യനാഥ് ചോദിച്ചു. സ്‌പീക്കർ സർ, ഈ മാഫിയകളെ ഞങ്ങൾ വെറുതെ വിടില്ല. ഈ പ്രവൃത്തി ചെയ്‌ത മാഫിയ സംഘം ഇന്ന് ഒളിവിലാണ്. അവര്‍ ആരായാലും, സംസ്ഥാനത്ത് മാഫിയരാജ് നിലനിൽക്കാൻ ഞങ്ങളുടെ സർക്കാർ അനുവദിക്കില്ല' - യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.