ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് (25.03.2022) സത്യപ്രതിജ്ഞ ചെയ്യും. ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തേക്കും. ഇതിനുപുറമേ ഏകദേശം 85,000 പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
'പുതിയ ഇന്ത്യയുടെ പുതിയ യുപി' (നയേ ഭാരത് കാ നയാ യുപി) എന്ന മുദ്രാവാക്യങ്ങളെഴുതിയ വലിയ പോസ്റ്ററുകൾ പതിപ്പിച്ചാണ് വേദി ഒരുക്കിയിട്ടുള്ളത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയ യോഗി രണ്ടാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റുകൊണ്ട് ചരിത്രം കുറിക്കുകയാണ്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്‌പൂർ അര്‍ബനില്‍ നിന്നും ജനവിധി തേടിയ യോഗിക്ക് അനുയായികള്‍ നല്‍കിയ ഓമനപ്പേരാണ് 'ബാബ ബുൾഡോസർ'. 37 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു പാർട്ടി തുടർച്ചയായി തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുന്നത്. സംസ്ഥാനത്ത് 255 സീറ്റുകൾ നേടിയ ബിജെപിയുെട സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. രണ്ടാം തവണയും അധികാരത്തിലേറുന്നതോടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിനും സംസ്ഥാനത്തിന്‍റെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിനും മുഖ്യമന്ത്രി ശ്രമിക്കുമെന്നാണ് പ്രതീക്ഷ.
ALSO READ:'ജുഡീഷ്യറി പരിധി വിട്ടു'; ഹൈക്കോടതിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്ര സര്‍ക്കാര്‍