ബെംഗളൂരു: സംസ്ഥാന സർക്കാർ ആവശ്യം നിറവേറ്റുന്നതുവരെ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് തുടരുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍. പണിമുടക്ക് പിന്‍വലിച്ച് ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാനും ചര്‍ച്ചക്ക് തയ്യാറാവണമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ അഭ്യര്‍ഥിച്ചു. അവരുടെ ഒമ്പത് ആവശ്യങ്ങളിൽ എട്ടും സർക്കാർ നിറവേറ്റുകയും എട്ട് ശതമാനം ശമ്പള വർധനവ് പ്രഖ്യാപിക്കുകയും ചെയ്തു.
കൊവിഡ് കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ ദുഷ്‌കരമായ സമയത്ത്, അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത് അവരുടെ തെറ്റാണ്. അവരുമായി ചർച്ച നടത്താൻ ഞങ്ങൾ തയ്യാറാണ്, അവർ സമരം അവസാനിപ്പിച്ച് സർക്കാരുമായി ചർച്ചയ്ക്ക് വരട്ടെയെന്നും യെദ്യൂരപ്പ പറഞ്ഞു. ഒന്നോ രണ്ടോ ദിവസം കൂടി കാത്തിരിക്കുമെന്നും അതിന് ശേഷവും സമരം തുടരുകയാണെങ്കില്‍ കര്‍ശന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
പണിമുടക്ക് വ്യാഴാഴ്ചയും തുടരുമെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ലീഗ് ഓണററി പ്രസിഡന്‍റ് കോഡിഹള്ളി ചന്ദ്രശേഖർ അറിയിച്ചു. സർക്കാറുമായി സംസാരിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സർക്കാറുമായി ചർച്ച നടത്താൻ തയ്യാറാണെന്നും അതാണ് മുന്നിലുള്ള വഴിയെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംസ്ഥാന സർക്കാരാണ് ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.