ഉന (ഹിമാചല്‍ പ്രദേശ്): ഹിന്ദുത്വ നേതാവും സന്ന്യാസിയുമായ യതി നരസിംഹാനന്ദ് വീണ്ടും വിവാദ പ്രസംഗം നടത്തിയത് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച്. സമാനമായ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ജാമ്യത്തിലിറങ്ങിയ യതി നരസിംഹാനന്ദിനോട് പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 18നാണ് ഹരിദ്വാര്‍ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യതി നരസിംഹാനന്ദ് ജാമ്യത്തിലിറങ്ങിയത്.
ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് നടന്ന ധര്‍മ സന്‍സദില്‍ പങ്കെടുക്കുന്നതിനിടെയാണ് യതി നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്. ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്‌ട്രമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു യതി നരസിംഹാനന്ദിന്‍റെ വിവാദ പ്രസ്‌താവന. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസിലെ മറ്റൊരു പ്രതിയായ സാദ്‌വി അന്നപൂർണയും ഉനയിലെ പരിപാടിയില്‍ സംസാരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹരിദ്വാറില്‍ മുസ്‌ലീം വംശഹത്യക്ക് ആഹ്വാനം നല്‍കികൊണ്ടുള്ള വിദ്വേഷ പ്രസംഗം നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഈ മാസം ഡല്‍ഹിയിലെ ബുരാരിയില്‍ നടന്ന പരിപാടിയിലും മുസ്‌ലീമുകള്‍ക്കെതിരെ ആയുധമെടുക്കണമെന്ന് യതി നരസിംഹാനന്ദ് ആഹ്വാനം ചെയ്‌തിരുന്നു.
Read more: ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം; വിവാദ പരാമര്‍ശവുമായി വീണ്ടും യതി നരസിംഹാനന്ദ്