ഗോണ്ട (ഉത്തർപ്രദേശ്) : റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സംഘം തിങ്കളാഴ്‌ച 14 പേരുടെ മൊഴി രേഖപ്പെടുത്തി. ഗോണ്ട ജില്ലയിലെ ബിഷ്ണോഹർപൂരിലുള്ള ബ്രിജ് ഭൂഷൺ സിംഗിന്‍റെ വസതിയിലെത്തിയാണ് പൊലീസ് സംഘം ബ്രിജ് ഭൂഷണിന്‍റെ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയത്.
മൂന്ന് മണിക്കൂറോളമാണ് ഇവരെ സംഘം ചോദ്യം ചെയ്‌തത്. മൊഴി രേഖപ്പെടുത്തിയവരുടെ ആധാർ കാർഡുകളുടെ പകർപ്പും ഡൽഹി പൊലീസ് ശേഖരിച്ചു. ഡൽഹി പൊലീസ് സംഘം ബ്രിജ് ഭൂഷണിന്‍റെ വീട് സന്ദർശിച്ചതായും അദ്ദേഹത്തിന്‍റെ ജീവനക്കാർ ഉൾപ്പെടെ 14 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ പ്രതിനിധി സഞ്ജീവ് സിങും സ്ഥിരീകരിച്ചു.
ഇത് നിയമപരമായ നടപടിയാണെന്നും ബ്രിജ് ഭൂഷൺ സിങ് അന്വേഷണവുമായി സഹകരിക്കുകയാണെന്നും സഞ്ജീവ് സിങ് അറിയിച്ചു. കൂടാതെ ഗുസ്‌തി പരിശീലന കേന്ദ്രവും ഗുസ്‌തി ടൂർണമെന്‍റുകൾ നടക്കുന്ന സ്ഥലങ്ങളും താരങ്ങൾ താമസിക്കുന്ന സ്ഥലങ്ങളും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സന്ദർശിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ഡൽഹി പൊലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലേക്ക് മടങ്ങി.
കേസുമായി ബന്ധപ്പെട്ട് എസ്ഐടി ഇതുവരെ 137 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽ നിന്ന് രണ്ട് തവണ മൊഴി രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഏപ്രിൽ 28ന് കോണാട്ട് പ്ലെസ് പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷൺ സിങിനെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തത്.
അമിത് ഷായുമായി കൂടിക്കാഴ്‌ച: കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്‌തി താരങ്ങൾ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് അമിത് ഷായുമായി താരങ്ങൾ കൂടിക്കാഴ്‌ച നടത്തിയത്. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നീ താരങ്ങൾ ഏകദേശം ഒരു മണിക്കൂറോളം അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി.
ഇതിന് പിന്നാലെ സമരത്തിൽ നിന്ന് സാക്ഷി മാലിക് പിൻമാറിയെന്നും റെയിൽവേ ഉദ്യോഗസ്ഥയായ താരം തിരികെ ജോലിയിൽ പ്രവേശിച്ചുമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ തള്ളി സാക്ഷി മാലിക് തന്നെ രംഗത്തെത്തിയിരുന്നു. താൻ തിരികെ ജോലിയിൽ പ്രവേശിച്ചെന്നും എന്നാൽ സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും താരം സ്ഥിരീകരിച്ചിട്ടുണ്ട്.
വാർത്തകൾ തീർത്തും തെറ്റാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് തങ്ങൾ പിന്നോട്ടില്ലെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. സത്യഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേയിലെ ഉത്തരവാദിത്തം കൂടി നിര്‍വഹിക്കുമെന്ന് പറഞ്ഞ താരം നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചിരുന്നു.