അനക്കപ്പള്ളി (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ അനക്കപ്പള്ളിയില്‍ വസ്‌ത്ര നിര്‍മാണശാലയില്‍ വിഷ വാതക ചോര്‍ച്ച. വിഷ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വസ്‌ത്ര നിര്‍മാണശാലയിലെ ജീവനക്കാരായ 53 സ്‌ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച(02.08.2022) വൈകിട്ടാണ് സംഭവം.
അനക്കപ്പള്ളിയിലെ അച്യുതാപുരം പ്രത്യേക സാമ്പത്തിക മേഖലയിലുള്ള വസ്‌ത്ര നിര്‍മാണ യൂണിറ്റിലാണ് വാതക ചോര്‍ച്ചയുണ്ടായത്. സംഭവത്തിന് പിന്നാലെ ജീവനക്കാരില്‍ ചിലര്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവില്‍ 53 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും അനക്കപ്പള്ളി ജില്ല മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഹേമന്ത് അറിയിച്ചു. ശ്വാസതടസം, ഛര്‍ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ക്കിടെ രണ്ടാമത്തെ തവണയാണ് പ്രദേശത്ത് വിഷ വാതക ചോര്‍ച്ചയുണ്ടാകുന്നത്. നേരത്തെ ജൂണില്‍ അച്യുതാപുരത്തെ ഒരു ഫാക്‌ടറിയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 178 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.