ന്യൂഡല്‍ഹി : ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി വനിതാസംവരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു (Women Reservation Bill 2023 Introduced in Lok Sabha). പുതിയ പാർലമെന്‍റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ (Arjun Ram Meghwal) ആണ് ബില്‍ സഭയിൽ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതിയായാണ് 'നാരി ശക്തി വന്ദൻ അധിനിയം' (Nari Shakti Vandan Adhiniyam) എന്ന പേരിലുള്ള ബിൽ കൊണ്ടുവന്നത്. ബില്‍ നിയമമാകുന്നതോടെ ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യപ്പെടും.
ദേശീയ-സംസ്ഥാന തലങ്ങളിൽ നടക്കുന്ന നയരൂപീകരണങ്ങളില്‍ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് വനിതാസംവരണ ബിൽ കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണെന്ന് ബില്ലിന്‍റെ ഉദ്ദേശ ലക്ഷ്യമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബിൽ അവതരണത്തിന് മുൻപ് ലോക്‌സഭയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
വനിതാസംവരണം രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കുമുള്ള ആദരമാണ്. ഇതോടെ ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി ബിൽ ഏകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചു. ഇതിനിടെ പ്രതിപക്ഷം ബില്ലിനെച്ചൊല്ലി സഭയിൽ ബഹളമുണ്ടാക്കി.
നേരത്തെ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്ന വാദം ഉയര്‍ത്തി പുതിയ ബില്ലിൽ സാങ്കേതിക തടസം ഉന്നയിച്ചാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ 2010 ല്‍ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ മുൻപ് പാസാക്കിയ ബിൽ അസാധുവായെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് നല്‍കിയ മറുപടി.
33 ശതമാനം വനിതാസംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ ലോക്‌സഭയിൽ വനിതാപ്രാതിനിധ്യം 181 ആയി ഉയരും. കേരളത്തില്‍ നിന്നുള്ള 20 ലോക്‌സഭ എംപിമാരില്‍ ആറ് പേര്‍ വനിതകളാകും. നിയമസഭകളിലും വനിതാപ്രാതിനിധ്യം ഉയരും. കേരള നിയമസഭയില്‍ വനിത എംഎല്‍എമാരുടെ എണ്ണം 46 ആയി ഉയരും. നിലവില്‍ കേരള നിയമസഭയില്‍ 11 വനിത പ്രതിനിധികളാണുള്ളത്. ബില്‍ പ്രകാരം പട്ടിക ജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റ് ആ വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കായി മാറ്റിവയ്‌ക്കേണ്ടിവരും.
അതേസമയം ഈവരുന്ന 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം നടപ്പാകില്ല. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മാത്രമേ വനിതാസംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. മണ്ഡല പുനര്‍നിര്‍ണയം 2027ലെ സെൻസസിന് ശേഷമേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അതിനാല്‍ 2029ലോ അതിനുശേഷമോ ആകും വനിതാസംവരണം പ്രാബല്യത്തിലാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.