ന്യൂഡല്‍ഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പുരുഷന്‍മാരെക്കാൾ സ്‌ത്രീകള്‍ക്ക് അധിക ലൈംഗിക പങ്കാളികളുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വെ. എന്നാല്‍, പങ്കാളി അല്ലാത്തവരോ കൂടെ ജീവിക്കുന്നവര്‍ അല്ലാത്തവരോ ആയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ നാല് ശതമാനമാണ്. ഇത്തരത്തില്‍ ലൈംഗിക പങ്കാളികളുള്ള സ്‌ത്രീകള്‍ 0.5 ശതമാനാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വെയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
1.1 ലക്ഷം സ്‌ത്രീകളിലും ഒരു ലക്ഷം പുരുഷൻമാരിലും നടത്തിയ സര്‍വെ പ്രകാരം പുരുഷന്‍മാരെകാള്‍ സ്‌ത്രീകള്‍ക്കാണ് അധിക ലൈംഗിക പങ്കാളികളെന്ന് കണ്ടെത്തി. 2019-21 വര്‍ഷങ്ങളില്‍ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രാജ്യത്തെ 707 ജില്ലകളിലാണ് ദേശീയ കുടുംബാരോഗ്യ സർവേ നടത്തിയത്. രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഡ്, മധ്യപ്രദേശ്, അസം, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കശ്മീർ, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ് തുടങ്ങിയ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് പുരുഷന്‍മാരെക്കാൾ സ്‌ത്രീകള്‍ക്ക് അധിക ലൈംഗിക പങ്കാളികളുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം പുരുഷന്‍മാരെക്കാള്‍ അധിക ലൈംഗിക പങ്കാളികളുള്ള സ്‌ത്രീകളുടെ എണ്ണത്തില്‍ രാജസ്ഥാനാണ് മുന്നില്‍. ഇവിടെ പുരുഷന്‍മാരുടെ ശരാശരി പങ്കാളികള്‍ 1.8 ആണെങ്കില്‍ സ്‌ത്രീകളുടെ ശരാശരി 3.1 ആണ്. സര്‍വേ കണകാക്കിയ 12 മാസങ്ങളിൽ തങ്ങളുടെ പങ്കാളി അല്ലാത്തവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷന്മാര്‍ 4 ശതമാനവും സ്‌ത്രീകള്‍ 0.5 ശതമാനമായിരുന്നു.