മുംബൈ : ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്‌റ്റില്‍. മഹാരാഷ്‌ട്രയിലെ സാന്ദ്രാക്രൂസിലാണ് സംഭവം. മരണം നടന്ന് നാല് മാസത്തിന് ശേഷമാണ് കൊലപാതകം ചുരുളഴിയുന്നത്.
സാന്ദ്രാക്രൂസിലെ വസ്‌ത്ര വ്യപാരിയാണ് കൊല്ലപ്പെട്ട കമല്‍കാന്ത് ഷാ. കവിത ഷായാണ് ഭാര്യ. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. കല്‍ബദേവി, ഭിവന്തി എന്നീ സ്ഥലങ്ങളില്‍ വില്‍പ്പന കേന്ദ്രങ്ങളുള്ള വലിയ വസ്‌ത്ര വിതരണ ശാലയുടെ ഉടമയായിരുന്നു കമല്‍കാന്ത് ഷാ.
ഓഗസ്‌റ്റ് മാസത്തില്‍ ഭിവന്തി ഫാക്‌ടറിയിലായിരിക്കെ കമല്‍കാന്തിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാളെ അന്ധേരിയിലുള്ള ക്രിട്ടിക്വേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസം വരെ ഇയാള്‍ക്ക് ചികിത്സ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് ബോംബെയിലെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഠിനമായ വിഷം രക്തത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നും ആരോഗ്യ സ്ഥിതിയില്‍ പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്ന് സെപ്‌റ്റംബര്‍ മാസം കമല്‍കാന്ത് മരണപ്പെടുകയായിരുന്നു.
തുടക്കത്തില്‍ സ്വാഭാവിക മരണമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അസ്വാഭാവികത പ്രകടമായതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണത്തില്‍ കവിതയും കാമുകന്‍ ഹിതേഷും തമ്മിലുള്ള പ്രണയത്തിന് കമല്‍കാന്ത് തടസമാകാതിരിക്കുവാനും ഇയാളുടെ സ്വത്തുക്കള്‍ കൈക്കലാക്കാനുമാണ് ഇരുവരും ചേര്‍ന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
കമല്‍കാന്തിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് 15 ദിവസം മുമ്പാണ് ഇയാളുടെ അമ്മ സര്‍ളാദേവി മരിക്കുന്നത്. എന്നാല്‍, സര്‍ളാദേവിയും മരിച്ചത് കഠിനമായ വയറുവേദനയെ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനാലാണ്. ഇരുവരുടെയും മരണകാരണം ഒന്നായതിനാല്‍ സര്‍ളാദേവിയെയും കവിത കൊലപ്പെടുത്തിയതായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.