സുൽത്താൻപൂർ (ഉത്തർപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിച്ച യുവതിയ്ക്ക് നേരെ അക്രമികളുടെ വെടിവയ്പ്പ്. സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകയായ റിത യാദവ് എന്ന യുവതിക്ക് നേരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
തിങ്കളാഴ്ച ലഖ്‌നൗ-വാരാണസി റോഡിൽ വച്ചായിരുന്നു സംഭവം. പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിക്ക് നേരെ യുവതി കരിങ്കൊടി കാണിച്ചത്.
തുടർന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാതർ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു. സംഭവം അന്വേഷിക്കാൻ സിഐയെ ചുമതലപ്പെടുത്തിയതായി എസ് പി അറിയിച്ചു.