ധര്‍മാപുരി(തമിഴ്‌നാട്): സ്‌ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി തെരുവിലേയ്‌ക്കിറങ്ങി യുവതി. തമിഴ്‌നാട്ടിലെ കീരപ്പട്ടി ഗ്രാമത്തിലെ ഇന്ദിര നഗറിലെ പ്രശാന്തിന്‍റെ ഭാര്യ ഗീതയാണ് സ്‌ത്രീധന പീഡനത്തിന് ഇരയായത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കാതെ വന്നതിനെ തുടര്‍ന്നാണ് തെരുവിലിറങ്ങേണ്ടി വന്നതെന്ന് ഗീത പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് ഇതേ കാരണം ചൂണ്ടിക്കാട്ടി ഗീത ഹരൂര്‍ വനിത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഗീതയെയും കുട്ടിയെയും അവരുടെ സ്വന്തം വീട്ടിലേയ്‌ക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവുമായി രമ്യതയിലായ ഗീത തിരിച്ച് പ്രശാന്തിന്‍റെ വീട്ടിലെത്തുകയും ഇരുവരും ഒരുമിച്ച് താമസിക്കുവാന്‍ ആരംഭിക്കുകയും ചെയ്‌തു.
കുറച്ച് നാളുകള്‍ക്ക് ശേഷം ദമ്പതികള്‍ക്ക് രണ്ടാമതൊരു കുഞ്ഞും കൂടെ ജനിച്ചു. കുഞ്ഞ് ജനിച്ച് 20 ദിവസങ്ങള്‍ക്ക് ശേഷം സ്‌ത്രീധനം നല്‍കിയാല്‍ മാത്രമെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കു എന്ന് പറഞ്ഞ് പ്രശാന്തിന്‍റെ മാതാപിതാക്കള്‍ ഗീതയെ വീടിന് പുറത്താക്കി. തുടര്‍ന്ന് ഗീത ഹരൂര്‍ വനിത പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇതേതുടര്‍ന്നാണ്, തന്‍റെ രണ്ട് മക്കള്‍ക്കൊപ്പം ഗീത ബസ് സ്‌റ്റാൻഡില്‍ കഴിയാന്‍ ആരംഭിച്ചത്. ഗീതയുടെ അവസ്ഥ മനസിലാക്കിയ പൊതുജനങ്ങളാണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഹരൂര്‍ ഡിഎസ്‌പി പുകളേന്തി ഗണേഷ്, ഗീതയെ സമീപിക്കുകയും വനിത പൊലീസിന്‍റെ സഹായത്തോടെ ഇവരെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്‌തു.
ഗീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പരാതി സത്യമാണെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡിഎസ്‌പി അറിയിച്ചു.