ബെംഗളൂരു: കൊലപാതകം നടത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ എട്ട് വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതികളെ ബെംഗളൂരുവിലെ ജിഗനി പൊലീസ് അറസ്‌റ്റ് ചെയ്‌തു. നിംഗരാജു എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭാഗ്യശ്രീ, സുപുത്ര ശങ്കരപ്പ തല്‍വാര്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അന്വേഷണത്തിന്‍റെ ഭാഗമായി ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ ഓപറേഷനിലാണ് ഇരുവരും ശനിയാഴ്ച പൊലീസ് പിടിയിലാകുന്നത്.
കൊലപാതകം ഇങ്ങനെ: പ്രതിയായ സുപുത്ര ശങ്കരപ്പ വിവാഹം കഴിച്ച യുവതിയെ ഉപേക്ഷിച്ച് ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കായാണ് ബെംഗളൂരുവിലെത്തുന്നത്. ഇതിനിടെയാണ് സുപുത്ര ശങ്കരപ്പ ഭാഗ്യശ്രീയുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് സുപുത്ര ശങ്കരപ്പയും ഭാഗ്യശ്രീയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. 2015ല്‍ ജിഗനിയിലെ ഒരേ വീട്ടിലാണ് ശങ്കരപ്പയും ഭാഗ്യശ്രീയും താമസിക്കുന്നതെന്നറിഞ്ഞതോടെ ഭാഗ്യശ്രീയുടെ സഹോദരന്‍ നിംഗരാജു ഈ വിഷയത്തെ ചൊല്ലി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതോടെ സഹോദരന്‍റെ ശല്യം അവസാനിപ്പിക്കാനായി ഭാഗ്യശ്രീയും കാമുകന്‍ ശങ്കരപ്പയും ചേര്‍ന്ന് നിംഗരാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷ്‌ണങ്ങളാക്കി ബാഗില്‍ നിറച്ച് പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
2015 ഓഗസ്‌റ്റില്‍ മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ പ്ലാസ്‌റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ ജിഗനി വ്യാവസായിക മേഖലയിലെ കെഐഎഡിബിയുടെ സമീപത്ത് വച്ച് കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പ്രതികള്‍ക്കായി തെരച്ചിലും ആരംഭിച്ചു. എന്നാല്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവിലും പ്രതികളെ പിടികൂടാനായില്ലെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ നാഷികില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും ജില്ല പൊലീസ് മേധാവി മല്ലികാര്‍ജുന്‍ ബാലദണ്ഡെ അറിയിച്ചു.
പിടി വീഴാതിരിക്കാന്‍: കൊലപാതകത്തിന് ശേഷം പിടികൊടുക്കാതിരിക്കാന്‍ മൊബൈല്‍ഫോണ്‍ നമ്പറിനായി ആധാര്‍ ഉപയോഗിക്കാതിരിക്കുകയും രേഖകള്‍ കൈമാറ്റം ചെയ്യുന്നതിലും അതീവ സൂക്ഷ്മത പാലിച്ച ഇയാള്‍ ഇതിനായി സുപുത്ര ശങ്കരപ്പ തല്‍വാര്‍ എന്ന പേര് മാറ്റി ശങ്കര്‍ എന്നാക്കി മാറ്റിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാൾ ഭാഗ്യശ്രീക്കൊപ്പം മഹാരാഷ്‌ട്രയിൽ ജോലിക്ക് ചേർന്നിരുന്നതായി കണ്ടെത്തിയതോടെയാണ് പ്രതികള്‍ പിടിയിലായതെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ വ്യാവസായിക ഏരിയയിൽ വച്ചാണ് ജിഗാനി സ്‌റ്റേഷൻ ഇന്‍സ്‌പെക്‌ടര്‍ സുദർശൻ രണ്ട് പ്രതികളെയും അറസ്‌റ്റ് ചെയ്യുന്നത്.
മൃതദേഹം കക്കൂസ് ടാങ്കിലും: കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ ലാൽബാഗില്‍ 53 വയസുകാരിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിനുള്ളിലെ പ്ലാസ്റ്റിക് ബാഗിലും കക്കൂസ് ടാങ്കിലും കണ്ടെത്തിയ സംഭവത്തില്‍ മകളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. വീണ പ്രകാശ് ജെയ്‌ന്‍ എന്ന സ്‌ത്രീയുടെ മൃതദേഹമാണ് ഫ്ലാറ്റിനുള്ളിലെ പ്ലാസ്റ്റിക് ബാഗിലും കക്കൂസ് ടാങ്കിലുമായി കണ്ടെത്തിയത്. ലാൽബാഗിലെ രാജ സൊസൈറ്റിക്ക് എതിർവശത്തുള്ള പെറു കോമ്പൗണ്ടിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന ഇവരുടെ ശരീരാവയവങ്ങള്‍ നിരവധി കഷണങ്ങളാക്കി കക്കൂസ് ടാങ്കിലുടെ തള്ളിയ നിലയിലായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് വീണ പ്രകാശ് ജെയ്‌നിനെ കാണാതായ സംഭവത്തില്‍ കാലാചൗക്കി പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയതിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇവരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ഇവരുടെ 22 കാരിയായ മകള്‍ പൂനം ജെയിനിനെ ചോദ്യം ചെയ്യലിന്‍റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.