ബാർമർ: രാജസ്ഥാനിലെ ബാർമർ ജില്ലയിൽ അമ്മയേയും നാല് കുട്ടികളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബനിയവാസ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 27കാരിയായ ഊർമിള മേഘ്‌വാൾ, മക്കളായ ഭാവന (8), വിക്രം (5), വിമല (3), മനീഷ (2) എന്നിവരാണ് മരിച്ചത്.
ജെത റാമാണ് മരണപ്പെട്ട ഊർമിള മേഘ്‌വാളിന്‍റെ ഭർത്താവ്. ശനിയാഴ്‌ച വൈകുന്നേരത്തോടെ വീടിനുള്ളിൽ നിന്നും അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. നാല് കുട്ടികളുടെ മൃതദേഹങ്ങൾ ധാന്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഡ്രമ്മിനകത്തും യുവതിയുടേത് വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്‌തതായിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
'പ്രഥമദൃഷ്ട്യാ, സ്‌ത്രീയുടേത് ആത്മഹത്യ ആണെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. കുട്ടികൾ ശ്വാസം മുട്ടി മരിച്ചതാണെന്നും കരുതുന്നു' - മണ്ഡലി പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മൃതദേഹങ്ങൾ നിലവില്‍ പ്രാദേശിക സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയക്കുമെന്ന് സർക്കിൾ സ്റ്റേഷൻ ഓഫിസർ കമലേഷ് ഗെലോട്ട് അറിയിച്ചു.
ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ (എഫ്എസ്എൽ) നിന്നുള്ള സംഘത്തെ സംഭവസ്ഥലത്തേക്ക് വിളിച്ചതായും സർക്കിൾ സ്റ്റേഷൻ ഓഫിസർ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പ്രാദേശിക ഖനന തൊഴിലാളിയാണ്, മരിച്ച ഊർമിള മേഘ്‌വാളിന്‍റെ ഭർത്താവ് ജെത റാം. സംഭവ സമയം ഇയാൾ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ഭര്‍ത്താവുമായുള്ള വഴക്ക്; 3 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഇതിനിടെ യുപിയില്‍ ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് മൂന്ന് കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ ചന്ദ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. മിർസാപൂരിലെ പജ്ര ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം.
ഒന്ന്, രണ്ട്, എട്ട് വയസായ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ ചന്ദ കിണറ്റില്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ശേഷം വീടിന് തീയിട്ട് ഇവർ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഉടന്‍ പ്രദേശവാസികള്‍ വീടിനുള്ളിലെ തീയണച്ച് യുവതിയെ രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും കുട്ടികൾ മരണപ്പെട്ടിരുന്നു.
ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് യുവതി പ്രകോപിതയായതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഓപറേഷൻ ഒപി സിങ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു. മുംബൈയിൽ ജോലി ചെയ്യുന്ന അമർജീത്താണ് ചന്ദയുടെ ഭർത്താവ്.
ALSO READ: 3 കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രകോപനം ഭര്‍ത്താവുമായുള്ള വഴക്ക്